ജറൂസലേം: പുതുവത്സരാഘോഷ വേളയില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നും ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇസ്രായേലുകാര്‍ക്കാണ് ഇസ്രയേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരങ്ങളിലേക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് മുഖേന ഇസ്രയേല്‍ ഭീകരവിരുദ്ധ ഡയറക്ടറേറ്റാണ് മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അവധിക്കാലം ആഘോഷിക്കാനായി വിദേശികള്‍ കൂടുതലായി എത്തുന്ന ഗോവ, പുണെ, മുംബൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിലുള്ളവരാണ് പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതെന്നാണ് അറിയിച്ചിരിക്കുന്നത്.
ക്ലബ് പാര്‍ട്ടികളിലും ബീച്ചുകളിലെ പുതുവല്‍സര ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണം. കഴിവതും ബീച്ചുകളിലെ പുതുവല്‍സരാഘോഷങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
വ്യാപാര കേന്ദ്രങ്ങള്‍, ഉല്‍സവ സ്ഥലങ്ങള്‍, ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കും പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വിദേശികള്‍ കൂടുതലായി എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളെ ഭീകരര്‍ ലക്ഷ്യം വച്ചേക്കാമെന്നതാണ് കാരണം.
ഇസ്രയേല്‍ പൗരന്‍മാര്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദര്‍ശിക്കുന്ന ബന്ധുക്കളെ ബന്ധപ്പെട്ട് മുന്നറിയിപ്പ് കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളും പ്രാദേശിക മാധ്യമങ്ങളും നല്‍കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാനും ഇസ്രയേല്‍ സര്‍ക്കാര്‍ ഇന്ത്യയിലുള്ള പൗരന്‍മാരോട് ആവശ്യപ്പെട്ടു.
ജൂത വിഭാഗക്കാരുടെ സാബത്ത് ആരംഭിക്കുന്ന വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഇത്തരമൊരു അടിയന്തര മുന്നറിയിപ്പ് പുറത്തിറക്കാനുള്ള കാരണം വ്യക്തമല്ല. ഇസ്രയേലുകാര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഇന്ത്യ.
മാത്രമല്ല, വര്‍ഷാവര്‍ഷം പട്ടാളത്തില്‍നിന്ന് വിരമിക്കുന്ന 20,000ല്‍ അധികം ഇസ്രയേലുകാര്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നതായാണ് കണക്ക്. ഇസ്രയേല്‍ സര്‍ക്കാര്‍ ഇന്ത്യയിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ കാര്യം ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
–