കൊച്ചിയില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക്‌ ടാങ്കര്‍ ലോറി പാഞ്ഞുകയറി 2 മരണം

കൊച്ചി: കാക്കനാടിന്‌ സമീപം ചിറ്റേത്തുകരയില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട്‌ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക്‌ പാഞ്ഞുകയറി വിദ്യാര്‍ത്ഥിനിയടക്കം രണ്ടുപേര്‍ മരിച്ചു. രാജഗിരി കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി നെടുമ്പാശ്ശേരി സ്വദേശിനി നിയ (18), കാക്കനാട്‌ സ്വദേശി പ്രതാപന്‍ കെ.കെ (57) എന്നിവരാണ്‌ മരിച്ചത്‌.
സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡിലെ ഇന്‍ഫോപാര്‍ക്കിലേക്കുള്ള പ്രധാന കവാടത്തിനു സമീപത്തായിരുന്നു അപകടം.വീട്ടില്‍ നിന്നും കോളജിലേക്ക്‌ വന്ന നിയ ബസില്‍ നിന്നിറങ്ങി മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം കോളജിലേക്ക്‌ പോകാന്‍ ഓട്ടോറിക്ഷ കാത്തു നില്‍ക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌. ഇന്‍ഫോപാര്‍ക്ക്‌ റോഡില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ടാങ്കര്‍ലോറി അവിടെ നിന്നും വളവ്‌ തിരിഞ്ഞു വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക്‌ പാഞ്ഞ്‌ കയറുകയായിരുന്നു. ലോറി വരുന്നത്‌ കണ്ട്‌ വിദ്യാര്‍ഥിനികള്‍ ചിതറി ഓടി.ko1 നിയ പിന്നോട്ട്‌ മാറുന്നതിനിടെ കൈയില്‍ നിന്നും ബാഗ്‌ തെറിച്ചു വീണു. ഇതെടുക്കാന്‍ തിരിയുമ്പോഴാണ്‌ ലോറി പാഞ്ഞു കയറിയത്‌. തലയിലൂടെ വീല്‍ കയറിയിറങ്ങിയ നിയ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവസ്ഥലത്ത്‌ സ്‌കൂട്ടറിനു സമീപം നില്‍ക്കുകയായിരുന്ന പ്രതാപനെയും ഇടിച്ചു തെറിപ്പിച്ചാണ്‌ ലോറി നിന്നത്‌. ഗുരുതരമായി പരിക്കേറ്റ പ്രതാപനെ കാക്കനാട്‌ സണ്‍റൈസ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടി മാറുന്നതിനിടെ ആന്‍ഡ്രിയ എന്ന വിദ്യാര്‍ഥിനിക്കും പരിക്കേറ്റു. ആന്‍ഡ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന്‌ രോഷാകുലരായ നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചു. സീ പോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തൃക്കാക്കര അസിസ്‌റ്റന്‍റ്‌ കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ എത്തി പ്രതിഷേധക്കാരെ സമാധാനിപ്പിച്ചു ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ മൂന്ന്‌ അപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചിരുന്നു.. സംഭവസ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. അലക്ഷ്യമായി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്കു കയറിയ കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രെയിലറാണ് അപകടമുണ്ടാക്കിയത്.

Top