കൂത്തുപറമ്പ്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസവും പരോളില്‍ പുറത്തിറങ്ങിയാല്‍ ക്വട്ടേഷന്‍ ജോലിയും. നേരത്തെയും കൊടി സുനിയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജയിലില്‍ സഹായമൊരുക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ജയില്‍ കിടന്ന് സജീവമായതും ഇടക്കാലത്ത് വിവാദമായിരുന്നു. ഇതിനിടയിലാണ് ഇടക്കിടെ പരോളിലിറങ്ങുന്ന സംഘം ക്വട്ടേഷന്‍ ജോലിയും ഏറ്റെടുക്കുന്നത്.
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മൊബൈല്‍ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിലാണ് ചൊക്ലിയിലെ സുനില്‍ എന്ന കൊടിസുനിയെ (38) കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തൃശ്ശൂരിലെ ജയിലില്‍ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്ത് കൃത്യത്തില്‍ പങ്കാളിയാവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ജനുവരി 13-നായിരുന്നു സംഭവം. കൈതേരിയിലെ റഫ്ഷാനെ കാറിലെത്തിയ സംഘം വയനാട്ടിലെ റിസോര്‍ട്ടിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മൊബൈല്‍ഫോണും 16,000 രൂപയും തട്ടിയെടുത്തുവെന്നായിരുന്നു കേസ്. റഫ്ഷാന്റെ സഹോദരന്‍ മറ്റൊരാള്‍ക്ക് നല്‍കാനായി ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണം ഉടമസ്ഥന് കൊടുക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്. കൊടിസുനി ഉള്‍പ്പെടെ ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ജയിലില്‍ കഴിയുകയായിരുന്ന സുനില്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. പോലീസ് നല്‍കിയ അപേക്ഷപ്രകാരം കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷന്‍ വാറന്റ് ഉത്തരവിട്ടത്. കേസില്‍ കൊടിസുനിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അപേക്ഷപ്രകാരം ഇയാളെ രണ്ടുദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ ഭരിക്കുന്നത് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണെന്ന ആരോപണം നേരത്തെ തന്നെ സജീവമാണ്. ജയിലിലെ തന്ത്രപ്രധാന തീരുമാനങ്ങള്‍ പലതും ഇവരിലൂടെയാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടി സുനി, കിര്‍മാണി മനോജ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ ഉദ്യോഗസ്ഥര്‍ക്കു കടുത്ത തലവേദനയാണു സൃഷ്ടിക്കുന്നത്. മൂന്നു ജയിലുകളിലും വാര്‍ഡര്‍മാരെ ഡ്യൂട്ടിക്കിടുന്നതുപോലും പല ഉദ്യോഗസ്ഥരും ടിപി കേസ് പ്രതികളുടെ അനുമതി തേടിയാണെന്നാണ് സൂചന. ഇത് ശരിവയ്ക്കുന്നതാണ് കൊടി സുനിയുടെ ജയിലിലെ ക്വട്ടേഷന്‍ പരിപാടികള്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരന്തര പ്രശ്‌നക്കാരായതോടെയാണ് കൊടി സുനിയെയും കിര്‍മാണിയെയും അണ്ണന്‍ സിജിത്തിനെയും മൂന്നു ജയിലുകളിലേക്കു മാറ്റിയത്. പൂജപ്പുര ജയില്‍ ഭരിക്കുന്നത് അണ്ണന്‍ സിജിത്തും കിര്‍മാണി മനോജും ചേര്‍ന്നാണ്. വിയ്യൂരില്‍ കൊടി സുനിയും.