മലപ്പുറം: മതം മാറിയ ഫൈസലിനെ വെട്ടികൊന്നത് ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് സൂചന. ഇത് സംബന്ധിച്ച തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. നവംബര്‍ 19ന് പുലര്‍ച്ചെയാണ് നന്നമ്പ്ര കൊടിഞ്ഞിയില്‍ പുല്ലാണി അനില്‍കുമാര്‍ എന്ന ഫൈസലി (32)നെ വെട്ടിക്കൊന്നത്.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ എട്ടുപേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഫൈസലിന്റെ സഹോദരീഭര്‍ത്താവ് പുല്ലാണി വിനോദ്, അമ്മാവന്റെ മകന്‍ പുല്ലാണി സജീഷ്, കൊടിഞ്ഞിയിലെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളായ തൃക്കുളം പള്ളിപ്പടി തയ്യില്‍ ലിജീഷ്, പരപ്പനങ്ങാടി അയ്യപ്പന്‍കാവ് കോട്ടയില്‍ ജയപ്രകാശ്, കൊടിഞ്ഞി ചുള്ളിക്കുന്നിലെ കളത്തില്‍ പ്രദീപ്, പുളിക്കല്‍ ദിനേശന്‍ (ഷാജി), പുളിക്കല്‍ ഹരിദാസ്, ചാനത്ത് സുനി എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലാനുള്ള ഗൂഢാലോചന നടത്തിയത് ഇവരാണെന്ന് അന്വേഷകസംഘം കണ്ടെത്തിയിരുന്നു. ഹരിദാസ് ആര്‍എസ്എസ് മേഖലാ പ്രചാരകും ദിനേശന്‍ മണ്ഡലം കാര്യവാഹകുമാണ്. കൃത്യം നടത്തിയവരുള്‍പ്പെടെ നാലുപേര്‍ പിടിയിലാകാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇവരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ഇവരെ തിരിച്ചറിഞ്ഞതായി അന്വേഷകസംഘത്തിന് നേതൃത്വം നല്‍കുന്ന മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ് പറഞ്ഞു.
മതം മാറിയ യുവാവിനെ വെട്ടിക്കൊന്നതിലൂടെ തെളിയുന്നത് ആര്‍എസ്എസിന്റെ ക്രൂരത. മതം മാറി എന്ന കാരണത്താല്‍ ഭാര്യാസഹോദരന്റെ ജീവനെടുക്കാനുള്ള ക്വട്ടേഷന്‍ നല്‍കാന്‍ പ്രതികളിലൊരാളായ വിനോദിനെ പ്രേരിപ്പിച്ചതും ആര്‍എസ്എസ് ബന്ധംതന്നെ. മതം മാറിയാല്‍ ഇതായിരിക്കും ഗതിയെന്ന മുന്നറിയിപ്പുകൂടിയാണ് സംഘപരിവാര്‍ നല്‍കുന്നത്.
അനില്‍കുമാറിന്റെ അമ്മയുടെ അടുത്ത ബന്ധുക്കള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇസ്‌ളാംമതം സ്വീകരിച്ചിരുന്നു. ഇവരുടെ കുടുംബത്തിലാണ് അനില്‍ ഏറെക്കാലം കഴിഞ്ഞത്. സ്വന്തം ഓട്ടോയില്‍ പാല്‍വിതരണം നടത്തി ജീവിതം നയിക്കുകയായിരുന്ന അനിലിനെക്കുറിച്ച് നാട്ടിലാര്‍ക്കും അഭിപ്രായവ്യത്യാസം ഇല്ലായിരുന്നു.
സാമ്പത്തികപ്രയാസത്തെ തുടര്‍ന്നാണ് ഗള്‍ഫിലേക്ക് പോയത്. അവിടെനിന്ന് ഇസ്‌ളാംമതം സ്വീകരിച്ച് ജൂലൈയില്‍ നാട്ടിലെത്തി. പിന്നീട് ഭാര്യ പ്രിയയേയും മൂന്ന് മക്കളേയും മതംമാറ്റി. ഇതോടെയാണ് സംഘപരിവാര്‍ ഇടപെടുന്നത്.
പിന്നീടുണ്ടായ ഗൂഢാലോചന അന്വേഷകസംഘം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്ന് ഫൈസല്‍ പള്ളിയില്‍ പറഞ്ഞിരുന്നു. മകന് ഭീഷണിയുണ്ടായിരുന്നതായി മകന്റെ മരണശേഷം മീനാക്ഷി പൊലീസിനോടും മാധ്യമങ്ങളോടും വെളിപ്പെടുത്തിയിരുന്നു. ഈ സൂചനകളില്‍നിന്നാണ് അന്വേഷകസംഘം ആര്‍എസ്എസിലേക്ക് എത്തുന്നത്.
ഭീഷണി ഫലിക്കാതായപ്പോള്‍ ആര്‍എസ്എസ് നേതാക്കള്‍ നന്നമ്പ്ര മേലേപ്പുറത്ത് പ്രത്യേക യോഗം ചേര്‍ന്നതായാണ് പൊലീസ് കണ്ടെത്തിയത്. ഈ യോഗത്തിലാണ് ഫൈസല്‍ ഗള്‍ഫിലേക്ക് തിരിച്ചുപോകുന്നതിന്റെ തലേദിവസം ‘വധശിക്ഷ’ നടപ്പാക്കാന്‍ നിശ്ചയിച്ചത്. തിരൂരിലെ ഒരു നേതാവാണ് കൃത്യംനടത്താനുള്ള മൂന്നുപേരെ ഏല്‍പ്പിച്ചത്. ഫൈസല്‍ ഗള്‍ഫിലേക്ക് തിരിച്ചുപോകുന്നതിന്റെ തലേദിവസംതന്നെ കൊലയ്ക്ക് തെരഞ്ഞെടുത്തതും ആസൂത്രിതമാണ്.