തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ഒരേ നുകത്തില്‍ കെട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കോണ്‍ഗ്രസും ബിജെപിയും പരസ്പ്പര ധാരണയോടെ സമരം ചെയ്തെന്ന് കോടിയേരി കുറ്റപ്പെടുത്തി. ബിജെപിയുടെ കെണിയില്‍ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും വീണുപോയി എന്നദ്ദേഹം പറഞ്ഞു . ബിജെപിയോടും ആര്‍എസ്എസിനോടും മൃദു സമീപനമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ വിദ്യാര്‍ത്ഥി ഐക്യത്തിന് ഒപ്പം നിന്നു എന്ന കാരണത്താല്‍ സിപിഐയുമായി ഉള്ള ബന്ധം അസ്ഥിരമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് മുന്നണിയില്‍ സിപി ഐഎമ്മിനെയും സിപി ഐയെയും യോജിപ്പിക്കുന്ന രാഷ്ട്രീയത്തെ അസ്ഥിരമാക്കാന്‍ ലോ അക്കാദമി വിഷയത്തിന് കഴിയില്ലായെന്നും കോടിയേരി വ്യക്തമാക്കി.
എല്‍ഡിഎഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും പരസ്പര ധാരണയോടെ ശ്രമിക്കുകയാണ്. അതിനുള്ള അവസരമായി ലോ അക്കാദമി സമരത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. അന്യായമായ സമരമായിരുന്നു ഇവര്‍ നടത്തിയത്. വിദ്യാര്‍ത്ഥി സമരത്തെ ആദ്യംതന്നെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് തകിടംമറിച്ചെന്നും കോടിയേരി പറയുന്നു.