തിരുവനന്തപുരം: ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് എമ്മിന് പിന്തുണ നൽകിയത് പ്രദേശിക വിഷയം മാത്രമാണെന്നും അത് രാഷ്ട്രീയ സഖ്യമായി മുന്നോട്ടുകൊണ്ടുപോകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കോട്ടയത്ത് മാണി ഗ്രൂപ്പിനെ പിന്തുണച്ചത് തെരഞ്ഞെടുപ്പ് നീക്ക് പോക്ക് മാത്രമാണ്. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെടുത്ത തീരുമാനങ്ങളിലൊന്ന് യു.ഡി.എഫിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുന്നതിനായി ഇവരൊഴികെയുള്ള വ്യക്തികളെയും സഹകരിക്കാവുന്ന ഗ്രൂപ്പുകളെയും പിന്തുണക്കുക എന്നതായിരുന്നു. നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്തുണ്ടായതെന്നും കോടിയേരി വ്യക്തമാക്കി.
ഐക്യജനാധിപത്യ മുന്നണി രൂപംകൊണ്ടത് ഇടതുപക്ഷ വിരുദ്ധ മുന്നണിയായാണ്. ഇടതുപക്ഷ വിരുദ്ധ മുന്നണിയെ ശിഥിലീകരിക്കാൻ ഏതവസരവും സി. പി. ഐ.എം ഉപയോഗിക്കും. ശത്രു വർഗത്തിനിടയിലുണ്ടാകുന്ന ഏതൊരു ഭിന്നിപ്പും ഉപയോഗിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ട്. അത്തരമൊരു സാഹചര്യം സംജാതമായപ്പോൾ കോട്ടയത്തെ ജില്ലാ ഘടകം ആ നിലപാട് സ്വീകരിച്ചു. അതൊരു രാഷ്ട്രീയ സഖ്യമായി മുന്നോട്ടു കൊണ്ടുപോകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ടി.പി സെൻകുമാറിനെ ഡി.ജി.പിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ സർക്കാർ പ്രതിബദ്ധരാണ്. നിയമനം സർക്കാർ വൈകിപ്പിച്ചതല്ല, ഉത്തരവിൽ കൂടുതൽ വ്യക്തത വരുത്താൻ സമയമെടുത്തതാണെന്നും കോടിയേരി പറഞ്ഞു.