തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും രംഗത്ത്. സമരം സഭകളെ അവഹേളിക്കാനുള്ള ശ്രമമാണ്. പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും കോടിയേരി ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. കന്യാസ്ത്രീകളുടെ സമരത്തിന് അരാജകവാദികളുടെ പിന്തുണയുണ്ട്. സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാനാണ് ഒരു കൂട്ടരുടെ ശ്രമം.
കോണ്‍ഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗം സമരത്തിന് പിന്നിലുണ്ട്. ഇത് രാഷ്ട്രീയവും സാമൂഹികവുമായ അപഥ സഞ്ചാരമാണെന്നും കോടിയേരി ആരോപിച്ചു. സമരത്തിനുപിന്നില്‍ ദുരുദ്ദേശമാണെന്ന ആരോപണവുമായി കോടിയേരി ഇന്നലെയും രംഗത്ത് വന്നിരുന്നു. രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമാണിതെന്നും കോടിയേരി പറഞ്ഞിരുന്നു. സമരകോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസ്സപ്പെടുത്താനാണു ശ്രമമെന്നും കോടിയേരി ആരോപിച്ചു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ്. പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.