![](https://dailyindianherald.com/wp-content/uploads/2016/10/KODIYERI-BALAKRISHNAN.png)
തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന് മന്ത്രിസ്ഥാനം രാജിവെച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു രാജി.
ജയരാജന്റെ രാജി പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിച്ഛായ ഉയര്ത്തിപ്പിക്കിടിക്കാനെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.നിയമനം തെറ്റാണെന്നു ജയരാജന് സെക്രട്ടേറിയറ്റ് യോഗത്തില്‍ തുറന്നു സമ്മതിച്ചതായി കോടിയേരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടേയും ഗവണ്മെന്റിന്റേയും പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനും മറ്റു സര്‍ക്കാരുകളില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യത്യസ്തമാണെന്നു തെളിയിക്കാനും തന്നെ രാജിവയ്ക്കാന്‍ അനുവദിക്കണമെന്നു സെക്രട്ടേറിയറ്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ഇതിന് അനുമതി നല്‍കിയെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ നിയമനങ്ങളിലെ നിയമാനുസൃതമല്ലാത്ത രീതി പുനപരിശോധിക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം സ്വാഗതാര്‍ഹമാണെന്നു കോടിയേരി ചൂണ്ടിക്കാട്ടി. ഇത്തരം നിയമനങ്ങള്‍ക്കു ബോര്‍ഡ് രൂപീകരിക്കണമെന്നതും നിയമങ്ങളില്‍ വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്നതും സ്വാഗതാര്‍ഹമാണ്.മുന്‍ സര്‍ക്കാറിന്റെ കാലത്ത് പല മന്ത്രിമാര്‍ക്കെതിരേയും എഫ്ഐആര്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്നു മന്ത്രിമാര്‍ രാജിവയ്ക്കുന്ന സമീപനമല്ല അവര്‍ സ്വീകരിച്ചത്.
കെ. ബാബുവിനെതിരേ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജിക്കത്ത് മുഖ്യന്ത്രിക്കു നല്‍കിയെങ്കിലും അതു സ്വീകരിക്കാതെ അപ്പീല്‍ പോകാനുള്ള സൗകര്യമാണു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ചെയ്തുകൊടുത്തത്. ഇത്തരമൊരു സാഹചരമുണ്ടാകാതിരിക്കാനാണു ജയരാജനും പാര്‍ട്ടിയും ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത് – കോടിയേരി പറഞ്ഞു.ജയരാജനെതിരേയ സംഘടനാ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് അക്കാര്യം പിന്നീടു പാര്‍ട്ടി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നായിരുന്നു മറുപടി. ജയരാജന് കൈകാര്യം ചെയ്ത വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു