
സ്വന്തം ലേഖകൻ
തൃശൂർ: സിപിഎം സംസ്ഥാന സമ്മേളനത്തിൽ കൊടിയേരി ബാലകൃഷ്ണനെ ടാർജറ്റ് ചെയ്ത് സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും. ഒപ്പം കണ്ണൂർ ലോബിയിലെ ഒരു വിഭാഗം കൂടി ചേരുന്നതോടെ സമ്മേളന കാലത്ത് ആരോപണങ്ങളിൽ കുടുങ്ങിയ കൊടിയേരി ബാലകൃഷ്ണനു സ്ഥാനം നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായി.
മക്കളുടെ വായ്പാ തട്ടിപ്പിൽ കുടുങ്ങിയ കൊടിയേരി ബാലകൃഷ്ണനെതിരെ സമ്മേളന കാലത്ത് തന്നെ ഒരു വിഭാഗം കരുനീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നാളെ നടക്കുന്ന പ്രതിനിധി സമ്മേളനത്തിലെ ചർച്ചകളിൽ കൊടിയേരി ടാർജറ്റ് ചെയ്യപ്പെടുന്നത്. കൊടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റുന്നതിനായി കരുക്കൾ നീക്കിത്തുടങ്ങിയതിനു പിന്നിൽ കണ്ണൂർ ലോബിയിലെ ഒരു വിഭാഗം തന്നെയാണ് മുന്നിൽ നിൽക്കുന്നത്. പാർട്ടി പിണറായിയുടെയും കൊടിയേരിയുടെയും പൂർണമായും നിയന്ത്രണത്തിൽ ആയതിൽ കടുത്ത അതൃപ്തി ഈ വിഭാഗത്തിനുണ്ട്.
ഇതിനിടെയാണ് ഇ.പി ജയരാജനു മന്ത്രി സ്ഥാനം നഷ്ടമായതും, പി.ജയരാജനെ പാർട്ടി ശാസിച്ചതും എല്ലാം കണ്ണൂർ ലോബിയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് പിണറായി വിരുദ്ധരായ ഐസക്കും, ബേബിയും സീതാറാം യെച്ചൂരിയുമായി കൈ കോർത്തത്. കണ്ണൂർ ലോബിയിലെ വിള്ളൽ മുതലെടുക്കാൻ ഇവർ തന്നെ പി.ജയരാജന്റെ പേര് പാർട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കു ഉയർത്തിക്കാട്ടും. ജീവിക്കുന്ന രക്തസാക്ഷി പരിവേഷമുള്ള പി.ജയരാജൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് എത്തുന്നത് കണ്ണൂരിനു പുറത്ത് പാർട്ടിക്കു വളർച്ചയുണ്ടാക്കുമെന്നാണ് ഈ വിഭാഗത്തിന്റെ വാദം. കൊടിയേരിയുടെ കോടി അഴിമതിക്കേസിൽ മുഖം നഷ്ടമായിരിക്കുന്ന പാർട്ടിക്കു ജയരാജനിലൂടെ ജനകീയ മുഖം വീണ്ടെടുക്കാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ബേബി അടക്കമുള്ളവർ ഇടപെട്ട് ജയരാജനെ പാർട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.ഇതിലൂടെ മുഖ്യമന്ത്രിയിൽ പാർട്ടിക്കു നിയന്ത്രണം കൊണ്ടുവരുന്നതിനാണ് ശ്രമിക്കുന്നത്.