സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലാഡോ സരായ് ലിറ്റിൽ ഫ്‌ലവർ സിറോ മലബാർ പള്ളി പൊളിച്ചുനീക്കിയതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ, കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു.
വിഷയത്തിൽ ഫരീദാബാദ് രൂപതയ്ക്കും രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയുടെയും, പള്ളിവികാരി, കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന വിശ്വാസി സമൂഹത്തിന്റെ വേദനയും ആശങ്കകൾ ആഭ്യന്തരമന്ത്രിയെ അറിയിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം പി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ, ഇന്ന് പാർലമെന്റ് ഹൗസിലെ അദ്ദേഹത്തിന്റെ ചേംബറിൽ വെച്ച് നേരിൽ കണ്ട് അറിയിക്കുകയും, പള്ളി നിന്ന സ്ഥലം നേരിൽ സന്ദർശിച്ചപ്പോൾ ഈ സംഭവത്തെപ്പറ്റി മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങളും കൊടിക്കുന്നിൽ സുരേഷ് എം പി അമിത് ഷായോട് വിശദീകരിക്കുകയും ചെയ്തു.
സൗത്ത് ഡൽഹി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസറും സംഘവും പൊളിച്ചുനീക്കിയ പള്ളിയുടെ പുറത്ത് ഇന്നും വിശ്വാസിസമൂഹം പ്രാർത്ഥനകൾ അർപ്പിക്കുന്ന വേദനയുളവാക്കുന്ന കാഴ്ചകൾ ന്യൂന പക്ഷ സമൂഹങ്ങളുടെ ഭരണഘടനാദത്തമായ ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ ആശങ്കയുളവാക്കുന്ന നേർക്കാഴ്ചയാണെന്നും കൊടിക്കുന്നിൽ സുരേഷ് എം പി അമിത് ഷായെ അറിയിച്ചു.
ഈ വിഷയം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയം അതീവഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നതെന്നും കേന്ദ്ര സർക്കാർ ഈ സംഭവത്തിൽ വിശദമായ റിപ്പോർട് ഡൽഹി സർക്കാരിൽ നിന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നോ നാളെയോ ഈ റിപ്പോർട്ട് കിട്ടുമെന്നും അതിന്മേൽ നടപടി ഉടൻ സ്വീകരിക്കുമെന്നും അമിത് ഷാ കൊടിക്കുന്നിൽ സുരേഷ് എം പി യെ അറിയിച്ചു.
കത്തോലിക്ക സമൂഹത്തിന് യാതൊരു ആശങ്കയും വേണ്ടെന്നും ആവശ്യമായ നടപടികൾ ഇതിൽ ഉണ്ടാകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി ക്ക് അമിത് ഷാ ഉറപ്പു നൽകി. ശക്തമായ നടപടി ഈ സംഭവത്തിൽ ഉണ്ടാകുമെന്ന് ബിഷപ്പിനെയും വിശ്വാസി സമൂഹത്തെയും അറിയിക്കാൻ കേന്ദ്ര മന്ത്രി അമിത് ഷാ കൊടിക്കുന്നിൽ സുരേഷ് എം പി യെ ചുമതലപ്പെടുത്തി.