ചെന്നൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വീരേന്ദര്‍ സെവാഗിന് വീരുവിന്റെ സ്‌റ്റൈലില്‍ തന്നെ ആദരമര്‍പ്പിച്ച് വിരാട് കൊഹ്‌ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ സ്പിന്നര്‍ ആരോണ്‍ ഫാംഗിസോയെ സിക്‌സറിന് പറത്തിയാണ് കൊഹ്‌ലി സെഞ്ചുറി തികച്ചത്. സിക്‌സറിലൂടെ സെഞ്ചുറിയും ഡബിളും ട്രിപ്പിളും എല്ലാം അടിച്ചിട്ടുള്ള സെവാഗിന് ഇതിലും നല്ലൊരു ആദരമര്‍പ്പിക്കലുണ്ടാകുമോ. എന്തായാലും ആ സിക്‌സറിനെക്കുറിച്ച് കൊഹ്‌ലി ഇതുവരെ മനസ് തുറന്നിട്ടില്ലെങ്കിലും അത് വീരുവിനോടുള്ള ആദരമാണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് ക്രിക്കറ്റ് ലോകം ഇഷ്ടപ്പെടുന്നത്.
സെഞ്ചുറികളോ അര്‍ധസെഞ്ചുറികളോ ഇല്ലാത്ത 12 ഇന്നിംഗ്‌സുകള്‍ കളിച്ച കൊഹ്‌ലി കഴിഞ്ഞ മത്സരത്തിലാണ് ഒരു അര്‍ധസെഞ്ചുറി നേടിയത്. തൊട്ടടുത്ത മത്സരത്തില്‍ സെഞ്ചുറിയും. എന്തായാലും നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം കനത്ത സമ്മര്‍ത്തത്തിനിടയില്‍ നേടിയ സെഞ്ചുറി കൊഹ്‌ലി ആഘോഷിക്കുകതന്നെ ചെയ്തു. ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെയായിരുന്നു കൊഹ്‌ലി അവസാനമായി മൂന്നക്കം കടന്നത്. അതിനുശേഷം ലോകകപ്പിലെ ആറു മത്സരങ്ങളിലും ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യകളികളിലും 50 കടക്കാന്‍ പോലും കൊഹ്‌ലിക്കായിരുന്നില്ല.
സെഞ്ച്വറിക്കു ശേഷം കോഹ് ലി നടത്തിയ ആഘോഷത്തിലും വീരേന്ദ്ര സേവാഗ് ശൈലിയുണ്ടായിരുന്നു. സെഞ്ച്വറി അടിച്ച ശേഷം കൈകള്‍ ആകാശത്തേയ്ക്കുയര്‍ത്തുന്ന വീരു ശൈലി അനുകരിച്ച കോഹ്ലി തന്റെ മസിലുകള്‍ പെരുപ്പിച്ചു കാട്ടി കാണികളെ അമ്പരപ്പിക്കുകയും ചെയ്തു.