സ്വന്തം ലേഖകൻ
കാൺബെറ: ആസ്‌ട്രേലിയൻ പേസ് ബോളർ മിച്ചൽ ജോൺസണും ഇന്ത്യൻ ഉപനായകൻ വിരാട് കൊഹ്‌ലിയും തമ്മിലുള്ള പോര് പലതവണ കളിക്കളത്തിൽ കണ്ടതാണ്. എന്നാൽ എന്നു തുടങ്ങിയതാണീ പകയെന്ന് ഇതുവരെയും വ്യക്തമായിരുന്നില്ല. എന്നാൽ എന്നാണീ വൈരം തുടങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിച്ചൽ ജോൺസൺ. 2014 ലെ അഡ്‌ലൈഡ് ടെസ്റ്റിനിടെയാണെന്ന് പറഞ്ഞാണ് മിച്ചൽ ജോൺസൺ രംഗത്തുവന്നിരിക്കുന്നത്.
ടെസ്റ്റിനിടെ കോഹ്‌ലി ബാറ്റ് ചെയ്യുമ്പോൾ ഒരു പന്ത് കോഹ്‌ലിക്ക് നേരെ എറിഞ്ഞെന്നും അത് താരത്തിന്റെ ദേഹത്ത് തട്ടിയെന്നും ജോൺസൺ പറയുന്നു. എന്നാൽ ഈ സംഭവത്തോട് കോഹ്‌ലിയുടെ പ്രതികരണം രൂക്ഷമായിരുന്നു. അന്ന് വൈകുന്നേരം നടന്ന വാർത്ത സമ്മേളനത്തിൽ ജോൺസനെതിരെ കടുത്ത വിമർശനമാണ് കോഹ്‌ലി ഉയർത്തിയത്.
താനൊരു കളിക്കാരനാണെന്ന പരിഗണന പോലും തരാതെയായിരുന്നു കോഹ്‌ലിയുടെ വിമർശനം. കോഹ്‌ലിയെ ഔട്ടാക്കാൻ സ്റ്റംമ്പിന് നേരെയായിരുന്നു താൻ പന്തെറിഞ്ഞതെന്നും നിർഭാഗ്യവശാൽ കോഹ്‌ലിയുടെ ദേഹത്ത് തട്ടുകയായിരുന്നെന്നും ജോൺസൺ പറയുന്നു. അന്നുതൊട്ടാണ് കോഹ്ലി തന്നെയും താൻ കോഹ്ലിയേയും വെറുത്ത് തുടങ്ങിയതെന്ന് മിച്ചൽ ജോൺസൺ പറയുന്നു.