സ്‌പോട്‌സ് ഡെസ്‌ക്
ചെന്നൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് വാക് പോരുമായി ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്ത്. മികച്ച ഫോമിലുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയെ നിശബ്ദനാക്കിയാൽ മാത്രമെ ഓസ്‌ട്രേലിയക്ക് പരമ്പര നേടാനാവൂ എന്ന് സ്മിത്ത് ചെന്നൈയിൽ പറഞ്ഞു. ഏകദിനങ്ങളിൽ കോലിയുടെ റെക്കോർഡ് മികച്ചതാണ്. അതുകൊണ്ടുതന്നെ കോലിയെ നിശബ്‌നാക്കിയാൽ മാത്രമെ തങ്ങൾക്ക് പരമ്പര സ്വന്തമാക്കാനാവൂ എന്ന് സ്മിത്ത് പറഞ്ഞു.
ടെസ്റ്റ് പരമ്പരയ്ക്കിടെ കോലിയുമായുണ്ടായ പ്രശ്‌നങ്ങളൊക്കെ കഴിഞ്ഞ കാര്യങ്ങളാണെന്നും ഏകദിന പരമ്പരയിൽ ശരിയായ സ്പിരിറ്റോടെയാകും ഓസ്‌ട്രേലിയൻ ടീം കളിക്കുക എന്നും സ്മിത്ത് പറഞ്ഞു. അശ്വിനെയും ജഡേജയെയും പോലുള്ള സ്പിന്നർമാർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും ഇവർക്ക് പകരക്കാർ ഇന്ത്യൻ നിരയിൽ ഉണ്ടെന്നും സ്മിത്ത് പറഞ്ഞു. അക്ഷർ പട്ടേലും യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും മികച്ച സ്പിന്നർമാരാണ്.
ടെസ്റ്റ് പരമ്പരയിൽ നിന്ന് വ്യത്യസ്തമായി സ്പിന്നർമാരെ സഹായിക്കുന്ന പിച്ചുകളായിരിക്കില്ല ഏകദിനത്തിനെന്നാണ് പ്രതീക്ഷ. ഓസ്‌ട്രേലിയൻ ടീമിന്റെ സ്പിൻ പരിശീലകനായ ശ്രീധരൻ ശ്രീറാം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ശ്രീറാമിന്റെ ഉപദേശങ്ങൾ ഇന്ത്യക്കെതിരെ ഫലപ്രദമായി നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞു