ഇന്ത്യ പേടിക്കണം: ഫൈനലിൽ ഇന്ത്യയെക്കാത്ത് ഒരു ഭൂതമുണ്ട്

സ്‌പോട്‌സ് ഡെസ്‌ക്

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒരിക്കൽ പോലും ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ലെന്ന നാണക്കേടും പേറിനിൽക്കുന്ന പാക്കിസ്ഥാനു പക്ഷേ ചാംപ്യൻസ് ട്രോഫി ഫൈനലിലിറങ്ങുമ്പോൾ ആശ്വസിക്കാൻ വകുപ്പേറെയുണ്ട്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ഫോം വെച്ചുനോക്കിയാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാണ്. എന്നാൽ കണക്കുകൾ പറയുന്നത് മറ്റൊരു കഥയാണ്.ഇത് പന്ത്രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരു ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതുവരെ കളിച്ച 11 ഫൈനലുകളിൽ ഏഴെണ്ണവും ജയിച്ചത് പാക്കിസ്ഥാനാണ്. 2007ലെ ട്വന്റി-20 ലോകകപ്പ് അടക്കം നാലെണ്ണത്തിൽ മാത്രമാണ് ഇന്ത്യക്ക് പാക്കിസ്ഥാനെ കീഴടക്കാനായത്.
1985ൽ മെൽബണിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിലായിരുന്നു ആദ്യം ഇന്ത്യാ-പാക് സ്വപ്ന ഫൈനൽ അരങ്ങേറിയത്. അന്ന് ഇന്ത്യ എട്ടുവിക്കറ്റ് ജയവുമായി കിരീടം ചൂടി. രണ്ട് വർഷത്തിനുശേഷം ഷാർജയിൽ നടന്ന ഓസ്‌ട്രേലേഷ്യാ കപ്പിൽ ഇരു ടീമും വീണ്ടും കലാശപ്പോരിൽ ഏറ്റുമുട്ടി. അന്നു പക്ഷെ ജയം പാക്കിസ്ഥാന്റെ കൂടെയായിരുന്നു. ഒരു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ ആവേശകരമായ ജയം.
1991ൽ ഷാർജയിൽ നടന്ന വിൽസ് ട്രോഫിയിലാണ് പിന്നീട് ഇന്ത്യാ-പാക് ഫൈനൽ കണ്ടത്. അന്ന് 72 റൺസിന് പാക്കിസ്ഥാൻ ആധികാരികമായി ഇന്ത്യയെ കീഴടക്കി. 1994ൽ ഷാർജയിൽ നടന്ന ഓസ്‌ട്രേലേഷ്യാ കപ്പിന്റെ ഫൈനലിൽ വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം വന്നു. 39 റൺസ് ജയവുമായി അന്നും പാക്കിസ്ഥാൻ ഇന്ത്യയെ ഞെട്ടിച്ചു.
1998ൽ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ധാക്കയിൽ നടന്ന സിൽവർ ജൂബിലി ഇൻഡിപെൻഡൻസ് കപ്പിൽ ബെസ്റ്റ് ഓഫ് ത്രീ ഫൈനലിൽ ഒരെണ്ണത്തിൽ പാക്കിസ്ഥാൻ ജയിച്ചപ്പോൾ രണ്ടെണ്ണം ജയിച്ച് ഇന്ത്യ ചാമ്പ്യൻമാരായി. 1999ൽ ബംഗളൂരുവിൽ നടന്ന പെപ്‌സി കപ്പിൽ പക്ഷെ പാക്കിസ്ഥാൻ തിരിച്ചടിച്ചു.123 റൺസിന്റെ കൂറ്റൻ ജയവുമായി പാക്കിസ്ഥാൻ കപ്പടിച്ചു.
1999ൽ ഷാർജയിൽ നടന്ന കൊക്ക കോള കപ്പിന്റെ ഫൈനലിലും ജയം പാക്കിസ്ഥാനായിരുന്നു. എട്ട് വിക്കറ്റിനായിരുന്നു അന്ന് പാക്കിസ്ഥാൻ ഇന്ത്യയെ കീഴടക്കിയത്. 2007ലെ ഐസിസി വേൾഡ് ട്വന്റി-20 ഫൈനലിലാണ് പിന്നീട് ഇരുടീമും പരസ്പരം ഏറ്റുമുട്ടിയത്. ഇന്നത്തെ തലമുറ ഒരിക്കലും മറക്കാത്ത ആവേശകരമായ ഫൈനലിൽ പാക്കിസ്ഥാനെ കീഴടക്കി ധോണിയുടെ സംഘം കിരീടം ചൂടി.
ഒരു വർഷത്തിനുശേഷം ധാക്കയിൽ നടന്ന നടന്ന കിറ്റ് പ്ലേ കപ്പിൽ പക്ഷെ ജയം പാക്കിസ്ഥാന് ഒപ്പമായിരുന്നു. 25 റൺസിനാണ് പാക്കിസ്ഥാൻ ഇന്ത്യയെ കീഴടക്കിയത്. അതിനുശേഷം 2011ലെ ലോകകപ്പിന്റെ സെമിഫൈനലിലും 2015ലെ ലോകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും 2016ലെ ട്വന്റി-20 ലോകകപ്പിലുമെല്ലാം പരസ്പരം ഏറ്റുമുട്ടിയപ്പോഴൊക്കെ ജയം ഇന്ത്യക്കൊപ്പമായിരുന്നു.
പക്ഷെ അതൊന്നും ഫൈനലുകളല്ലായിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ പരസ്പരം നാലു തവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ വീതം ഇരു ടീമുകളും ജയിച്ചു. കണക്കുകൾക്ക് കളത്തിൽ പ്രസക്തിയില്ലാത്തതിനാൽ ഇന്ത്യ തന്നെ കപ്പുമായി മടങ്ങുമെന്നാണ് ഇന്ത്യൻ ആരാധകർ വിശ്വസിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top