വിവിഐപി സന്ദര്‍ശനത്തില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ചികിത്സവൈകി; മരണ സംഖ്യകൂടിയതിന്റെ കാരണമിതാകാമെന്ന് റിപ്പോര്‍ട്ടുകള്‍

കൊല്ലം; വെടിക്കെട്ട്ദുരന്തത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയിലും സംഭവസ്ഥലത്തും വിവി ഐ പി കള്‍ എത്തിയത് വെടിക്കെട്ടിന്റെ ദുരന്തവ്യാപ്തി വര്‍ദ്ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍. അതിഗുരുതരമായി പൊള്ളലേറ്റ മുന്നൂറിലേറെ പേരെയാണ് കൊല്ലം, തിരുവനന്തപുരം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ വിവി ഐ പികളുടെ പേരില്‍ സുരക്ഷ ശക്തമാക്കിയതോടെ പലര്‍ക്കും ചികിത്സവൈകിയതായി കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു.മരണ സംഖ്യ കൂടാന്‍ ഇത് കാരണമായെന്നാണ് വിലയിരുത്തല്‍. അതിതീവ്രപരിചരണം ലഭിച്ചെങ്കില്‍ കുറെ ജീവന്‍കൂടി രക്ഷിക്കാനാകുമായിരുന്നു. വിവിഐപിമാരുടെ സന്ദര്‍ശനം കവര്‍ന്നെടുത്തത് അതിനുള്ള വിലപ്പെട്ട സമയമാണ്. സംഭവത്തിന്റെ ആദ്യമണിക്കൂറുകളില്‍ 80ല്‍ താഴെയാണ് മരണം. ബാക്കിയുള്ളവര്‍മരിച്ചത് രാത്രിയോടെയാണ്. അതായത് വിവിഐപി സന്ദര്‍ശനത്തിന് ശേഷം.

പരവൂര്‍ വെടിക്കെട്ട് ദുരന്തദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടത്തിയ ആശുപത്രി സന്ദര്‍ശനം അനുചിതമായെന്ന് ഡോക്ടര്‍മാര്‍. വിവിഐപികള്‍ക്കൊപ്പം അനുയായികളും ഫോട്ടോഗ്രാഫര്‍മാരും കടന്നത് ആശങ്കാജനകമായെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ രമേശ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തിയിരുന്നു. ആദ്യദിവസത്തെ വിവിഐപികളുടെ സന്ദര്‍ശനം മരണസംഖ്യ ഉയരാന്‍ കാരണമായോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും 90 ശതമാനം പൊള്ളലേറ്റ് കഴിയുന്നവരെപ്പോലും സന്ദര്‍ശിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു മുതിര്‍ന്ന പ്രൊഫസര്‍ പറഞ്ഞു. മെഡിക്കല്‍ കോളേജിലെ അണുബാധ നിയന്ത്രണ സംവിധാനത്തെയും വന്‍ദുരന്തം കൈകാര്യംചെയ്യാനുള്ള ക്രമീകരണത്തെയും വിവിഐപി സന്ദര്‍ശനം അട്ടിമറിച്ചെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

സുരക്ഷാഉദ്യോഗസ്ഥര്‍ തന്നെപ്പോലും തള്ളിമാറ്റിയെന്ന് ഡോ. രമേശ് അഭിമുഖത്തില്‍ പറഞ്ഞു. ഇവരുമായി തര്‍ക്കിച്ചാണ് തനിക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും സ്വന്തം മുറികളില്‍ കടക്കാന്‍ സാധിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റവരും അംഗഭംഗം വന്നവരും നിറഞ്ഞ ആശുപത്രിയില്‍ വിവിഐപികള്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ക്ക് നീതീകരണമില്ല. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സന്ദര്‍ശനമാകാം. ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണായകസമയത്ത് ഇത്തരം സന്ദര്‍ശനങ്ങള്‍ പാടില്ല. അനുയായികളും ഫോട്ടോഗ്രാഫര്‍മാരും കയറുന്നത് എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല ഡോ. രമേശ് തുടര്‍ന്നു. വെളിപ്പെടുത്തല്‍ വന്‍വിവാദമായതോടെ വിവിഐപി സന്ദര്‍ശനത്തിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തതെന്നുപറഞ്ഞ് ഡയറക്ടര്‍ ഒഴിഞ്ഞുമാറി.

സര്‍ജിക്കല്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന തന്നെയും നാല് സഹപ്രവര്‍ത്തകരെയും ഓപ്പറേഷന്‍ തിയറ്റര്‍ ബ്‌ളോക്കില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ പ്രധാനമന്ത്രിയുടെ സുരക്ഷാഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചതായി ഒരു നേഴ്‌സ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ ഒരു രോഗിയുടെ നില പെട്ടെന്ന് വഷളായി. വിവരം അറിഞ്ഞ് മറ്റൊരു ബ്‌ളോക്കില്‍നിന്ന് ഓടിയെത്തിയ തങ്ങളെ അരമണിക്കൂറോളം തടഞ്ഞുവച്ചു– നേഴ്‌സ് പറഞ്ഞു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലേക്ക് പോയ ജൂനിയര്‍ ഡോക്ടര്‍മാരെ ലിഫ്റ്റിനുസമീപം തടഞ്ഞു. പടിക്കെട്ടുകളും സുരക്ഷാഭടന്മാരുടെ നിയന്ത്രണത്തിലായിരുന്നു.

മോഡിയും രാഹുലും പരിവാരങ്ങള്‍ക്കൊപ്പം തീവ്രപരിചരണവിഭാഗം സന്ദര്‍ശിച്ചപ്പോള്‍ അവിടെ എട്ടില്‍ ഏഴുപേരും അതിഗുരുതരാവസ്ഥയിലായിരുന്നു. 60 മുതല്‍ 90 ശതമാനംവരെ പൊള്ളലേറ്റവരായിരുന്നു. വിവിഐപികളെ അനുഗമിക്കേണ്ടിവന്നതുകാരണം ഡോക്ടര്‍മാരുടെ സമയവും നഷ്ടപ്പെട്ടു. ഓരോ അരമണിക്കൂറിലും ഡോക്ടര്‍മാരും നേഴ്‌സുമാരും കൂടിയാലോചിച്ച് രോഗികള്‍ക്ക് നല്‍കേണ്ട ചികിത്സ തീരുമാനിക്കേണ്ട സ്ഥിതിയായിരുന്നു. പകല്‍ മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെ വിവിഐപി സന്ദര്‍ശനത്തിന്റെ തിരക്കുകളായിരുന്നു. ഇതിനിടയില്‍ ചികിത്സ കാര്യമായി വൈകി എന്നുതന്നെ വേണം അനുമാനിക്കാന്‍

Top