ദുരന്തത്തിന് വഴിവെച്ചത് മത്സര വെടിക്കെട്ട്; ദുരന്തമുണ്ടായത് 90 ശതമാനം വെടിമരുന്നും തീര്‍ന്നതിനു ശേഷം

കൊല്ലം: ക്ഷേത്ര പരിസരത്ത് വെടിക്കെട്ട് മത്സരത്തിനായി സൂക്ഷിച്ചിരുന്ന 90 ശതമാനം വെടിക്കെട്ട് മരുന്നും തീര്‍ന്നതിനുശേഷമാണ് അപകടം നടന്നത് അല്ലായിരുന്നെങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുമായിരുന്നു. പുലര്‍ച്ചെ മുന്ന് മൂന്ന് മണിയായതിനാല്‍ പകുതിയിലധികം പേര്‍ മടങ്ങുകയും ചെയ്തിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വെടിക്കെട്ടു നടക്കുന്ന സ്ഥലമാണ് പുറ്റിങ്ങല്‍ ദേവീക്ഷേത്രം. വര്‍ഷങ്ങളായി ഇവിടെ മല്‍സരവെടിക്കെട്ടു നടക്കാറുണ്ട്. വെടിക്കെട്ട് നടക്കുന്ന മൈതാനത്തിനു സമീപം പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉടമകള്‍ വെടിക്കെട്ട് നടത്തുന്നതിനെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ദുരന്തസാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. തുടര്‍ന്ന് ജില്ലാഭരണകൂടം മല്‍സരവെടിക്കെട്ടിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതിന് ഇളവ് അനുവദിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് വിലക്ക് ലംഘിച്ചാണ് ക്ഷേത്രത്തില്‍ വന്‍തോതില്‍ കരിമരുന്നു ശേഖരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലര്‍ച്ചെ മൂന്നരയോടെ പൊലീസ് ഇടപെട്ട് വെടിക്കെട്ട് അവസാനിപ്പിക്കാന്‍ ഉല്‍സവക്കമ്മിറ്റി ഭാരവാഹികളോട് നിര്‍ദേശിച്ചു. അവര്‍ വെടിക്കെട്ട് കരാറുകാര്‍ക്ക് വെടിക്കെട്ടു നിര്‍ത്താന്‍ നിര്‍ദേശം കൊടുക്കുന്നതിനു തൊട്ടുമുമ്പാണ് അപകടമുണ്ടായത്.

കമ്പപ്പുരയില്‍നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ മൈതാനത്തേക്കു കൊണ്ടുപോകുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് സൂര്യകാന്തി എന്നുപേരുള്ള ഒരുതരം അമിട്ട് ലക്ഷ്യംതെറ്റി വീഴുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ അമിട്ടിന്റെ ചീളുകള്‍ വീണ് കമ്പപ്പുരയ്ക്ക് തീപിടിച്ച് തുടര്‍സ്‌ഫോടനങ്ങളുണ്ടായി. സമീപത്തെ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഈ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചീളുകളും മറ്റും തെറിച്ചാണ് പലര്‍ക്കും പരുക്കേറ്റത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഉപദേവതാ ക്ഷേത്രങ്ങള്‍ക്കും സമീപത്തെ മുപ്പതോളം വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.

Top