വെടിക്കെട്ടപകടം; മരിച്ചെന്ന് കരുതി വീട്ടുവളപ്പില്‍ സംസ്‌കരിച്ചയാള്‍ ജീവനോടെ ആശുപത്രിയില്‍: മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞില്ല

വെഞ്ഞാറമൂട്: വെടിക്കെട്ടപകടത്തല്‍ മരിച്ചെന്ന് കരുതി വീട്ടുകാര്‍ ശവസംസ്‌കാരം നടത്തി. എന്നാല്‍ മരിച്ചെന്നു കരുതിയ പ്രമോദ് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ സന്തോഷത്തിനൊപ്പം വീട്ടുകാരും ആശങ്കയിലായി. പ്രമോദിന്റേതെന്നുപറഞ്ഞ് വീട്ടുവളപ്പില്‍ സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന് അറിയാന്‍ കഴിഞ്ഞതുമില്ല.
വെടിക്കെട്ട് കരാറുകാര്‍ക്കൊപ്പം ശനിയാഴ്ചയാണ് പ്രമോദ് പരവൂരിലേക്ക് പോയത്. ദുരന്തവാര്‍ത്തയറിഞ്ഞ ശേഷം വീട്ടുകാര്‍ക്ക് പ്രമോദുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പ്രമോദിനെ അന്വേഷിച്ച് കൊല്ലത്തെ ആശുപത്രിയിലെത്തി. ഇവിടെ മൃതദേഹങ്ങള്‍ നോക്കിയ ശേഷം അതിലൊന്ന് പ്രമോദിന്റേതാണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു. പല്ലില്‍ പൊട്ടലുണ്ടായിരുന്ന പ്രമോദിനെ ആ അടയാളം െവച്ചാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഈ മൃതദേഹത്തിലും മുന്‍വശത്തെ പല്ലുകള്‍ക്ക് പൊട്ടലുണ്ടായിരുന്നു. പല്ലുകള്‍ പൊട്ടിയും കാല്‍പ്പാദങ്ങള്‍ നഷ്ടപ്പെട്ട നിലയിലുമായിരുന്നു മൃതദേഹം.

വൈകീട്ട് 3ന് മൃതദേഹം പ്രമോദിന്റെ വീട്ടുവളപ്പില്‍ എത്തിച്ചു. വീടിനകത്ത് സ്ഥലമില്ലാത്തതിനാല്‍ വീടിന്റെ ചായ്പില്‍ കട്ടിലിട്ടാണ് മൃതദേഹം പൊതുദര്‍ശനത്തിന്‌ െവച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉള്‍പ്പെടെയുള്ളവര്‍ മൃതദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു. വൈകീട്ട് ആറുമണിയോടെ ശവസംസ്‌കാരവും നടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രി 8 മണിയായപ്പോള്‍ പ്രമോദ് മറ്റൊരാളുടെ ഫോണില്‍ വെള്ളാണിക്കല്‍ വീട്ടിലേക്ക് വിളിച്ചു. അതോടെ ദുരന്തവീട് അമ്പരപ്പിലും ആഹ്‌ളാദത്തിലുമായി. അപകടത്തില്‍ പരിക്കേറ്റ പ്രമോദിനെ അസീസിയാ മെഡിക്കല്‍ കോളേജിലാണ് എത്തിച്ചിരുന്നത്. സ്വന്തമായി ഫോണില്ലാതിരുന്നതുകൊണ്ട് ആര്‍ക്കും പ്രമോദുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഏറെ വൈകിയിട്ടും ബന്ധുക്കള്‍ എത്താത്തതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസുമായി ബന്ധപ്പെട്ടാണ് പ്രമോദിന്റെ ബന്ധുക്കളെ ഫോണ്‍ചെയ്തത്. ഫോണ്‍ വന്നതോടെ വീട്ടില്‍ ആദ്യം നടുക്കവും പിന്നെ സന്തോഷവുമായി. പലരും മാറിമാറി പ്രമോദിന്റെ കൈയിലുണ്ടായിരുന്ന ഫോണില്‍ വിളിച്ചിട്ടും വിശ്വസിക്കാനായില്ല.

Top