ദുരന്തഭൂമിയിലെ ജീവിതം ദുരിതമയം; കിണറുകളില്‍ ശരീരാവശിഷ്ടങ്ങള്‍…കുടിവെള്ളത്തില്‍ വിഷാംശം …മൂന്നൂറിലധികം വീടുകള്‍ തകര്‍ന്നു….

കൊല്ലം: രാജ്യത്തെ നടക്കിയ പൂറ്റിംഗല്‍ ദുരന്ത ഭൂമി ഇപ്പോഴും ശ്മാശാന മൂകതയില്‍. ഒരു പ്രദേശമാകെ ഇപ്പോഴും കത്തിയെരിഞ്ഞ മനുഷ്യ ഗന്ധമാണ് പരക്കുന്നത്. ഇന്നലെ വരെ ഒപ്പം നിന്നവര്‍ പുഞ്ചരിതുകിയവര്‍ ഒത്തൊരുമിച്ച് ജോലിയെടുത്തവര്‍ ഇന്നവരൊക്കെ നാടിന് ഓര്‍മ്മകള്‍ മാത്രമാണ്. അപകടത്തില്‍ ബന്ധുക്കള്‍ മരിക്കാത്തവരോ പരിക്കേല്‍ക്കാത്തവരോ ആയി ആരും ഇവിടെയില്ല. വീടിന് പുറത്തിറങ്ങാനാവാത്ത വിധം മരവിച്ചിരിക്കുകയാണ് പ്രദേശവാസികള്‍.

വെടിക്കെട്ട് വരുത്തിയ നാശനഷ്ടങ്ങളില്‍ നിന്ന് കരകേറാന്‍ ഈ ഗ്രാമത്തിന് ഇനിയും ദിവസങ്ങളെടുക്കും. അപകടത്തില്‍ മൂന്നൂറിലധികം വീടുകളാണ് തകര്‍ന്നത്. മാംസത്തുണ്ടുകളും കെട്ടിടാവശിഷ്ടങ്ങളും തെറിച്ചുവീണ് നൂറുകണക്കിന് കിണറുകളിലെ ജലം മലിനമായി. ജനജീവിതം ദുരിതപൂര്‍ണമാക്കുംവിധം കോണ്‍ക്രീറ്റ് പാളികളും കമ്പിക്കഷണങ്ങളും പ്രദേശത്താകെ ചിതറിക്കിടക്കുന്നു.
നൂറു വീടുകള്‍ക്ക് സാരമായ കേടുപാടുകളുണ്ട്. അഞ്ചുവീടുകള്‍ നിശ്ശേഷം തകര്‍ന്നു. ഒന്നര കിലോമീറ്ററോളം ചുറ്റളവിലുള്ള വീടുകളെ അപകടം ബാധിച്ചു. കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍ തെറിച്ചുവീണാണ് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് തകര്‍ന്നവയിലേറെയും. 35 അടിയിലധികം ഉയരത്തില്‍ ഇവ ചെന്നിടിച്ചതിന്റെ അടയാളങ്ങള്‍ മരങ്ങളില്‍ കാണാം. മേല്‍ക്കൂരയിലും ഭിത്തിയിലും വിള്ളലുകള്‍ വീണ് വീടുകള്‍ പലതും താമസയോഗ്യമല്ലാതായി. എങ്കിലും ക്യാമ്പുകളിലേക്കു മാറാന്‍ ആരും തയ്യാറല്ല. ബന്ധുവീടുകളിലേക്കു ചിലര്‍ താമസം മാറ്റി. ജനാലകള്‍ തകരാത്ത വീടുകള്‍ അപൂര്‍വം. വാതിലുകളും ജനാലകളും വെട്ടിക്കീറിയതുപോലെ തകര്‍ന്നു. ചിലത് അകലേക്ക് പറന്നുപോയി.
കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്. വീടുകളില്‍ ഉറങ്ങിക്കിടന്ന നിരവധിപേര്‍ക്ക് മേല്‍ക്കൂര തകര്‍ന്നുവീണ് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനശബ്ദത്തില്‍ കേള്‍വിക്കുറവ്, മറ്റ് അസ്വസ്ഥതകള്‍ എന്നിവ ഉണ്ടായവരും ഏറെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടുകള്‍ തകര്‍ന്നവരുടെയും വസ്തുവകകള്‍ നശിച്ചവരുടെയും കണക്കുകള്‍ ശേഖരിച്ചുവരുന്നതേയുള്ളൂ. ആര്‍.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികവിലയിരുത്തല്‍. വീടുകള്‍ തകര്‍ന്നവര്‍ക്ക് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

പുറ്റിംഗല്‍ ക്ഷേത്രപരിസരത്തെ കിണര്‍വെള്ളം ഉപയോഗിക്കുന്നത് വിലക്കി
വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രപരിസരത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള തുറന്ന കിണറുകളില്‍നിന്ന് വെള്ളം ഉപയോഗിക്കുന്നതിന് വിലക്ക്. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം വീടുകള്‍ സന്ദര്‍ശിച്ച് ഇന്നലെ മുന്നറിയിപ്പ് നല്കി. വെള്ളം രാസപരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും ജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധന നടത്തുന്നതിന് പ്രത്യേക ബോട്ടിലില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളം ശേഖരിക്കും. ഡി.എം.ഒ.യുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജല അതോറിറ്റി ഇവിടങ്ങളില്‍ കുടിവെള്ളമെത്തിക്കും. ഭവനസന്ദര്‍ശനം നടത്തിയ സംഘത്തില്‍പ്പെട്ട മനോരോഗ വിദഗ്ധര്‍ വെടിക്കെട്ട് ദുരന്തത്തില്‍ നടുക്കമുണ്ടായ 11 പേര്‍ക്ക് കൗണ്‍സിലിങ്ങിലൂടെ സാന്ത്വനമേകി.

നാശമുണ്ടായ 264 വീടുകളില്‍ അപകടത്തില്‍ പരിക്കേറ്റ 37 പേരുണ്ട്. ചെറിയ പരിക്കുകളുള്ള 17 പേരെ സംഘത്തിന്റെ സന്ദര്‍ശനവേളയില്‍ കണ്ടെത്തി. അവര്‍ ആസ്പത്രിയില്‍നിന്ന് വിടുതല്‍ ചെയ്തവരാണ്. 20 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. കലയ്‌ക്കോട് ബ്ലോക്ക് സി.എച്ച്.സി. യുടെ പരിധിയിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പി.എച്ച്. നഴ്‌സ്, അങ്കണവാടിആശാ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട 120 പേര്‍ 19 ടീമുകളായാണ് 568 ഭവനങ്ങള്‍ സന്ദര്‍ശിച്ചത്.

Top