കൊല്ലം :കൊല്ലം കളക്ടറേറ്റ് വളപ്പില്‍ സ്ഫോടനം. മുന്‍സിഫ് കോടതിയുടെ പരിസരത്ത് ഉപയോഗിക്കാതെ നിര്‍ത്തിയിട്ടിരുന്ന ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ജീപ്പിലാണ് സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. ആസൂത്രിതമായി നടത്തിയ സ്ഫോടനമാണെന്ന് പോലീസ് വ്യക്തമാക്കി.
രാവിലെ കോടതി തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു സ്ഫോടനം. സ്ഫോടന ശബ്ദം കേട്ടതിന് പിന്നാലെ പരിഭ്രാന്തരായി ആളുകള്‍ ഓടിക്കൂടി. വന്‍ ജനവാലിയാണ് കളക്ട്രേറ്റ് പരിസരത്ത് ഉള്ളത്. ഇവരെ ഒഴിപ്പിച്ച് ബോംബ് സ്ക്വാഡും പോലീസും പരിശോധന തുടങ്ങി. പ്രാഥമിക പരിശോധനയില്‍ ആസൂത്രിതമായ സ്ഫോടനമാണ് നടന്നതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
സ്ഫോടക വസ്തു ആരോ മനപൂര്‍വം ജീപ്പില്‍ കൊണ്ടുവച്ചുവെന്നാണ് പോലീസ് നിഗമനം. ജീപ്പിന്റെ പരിസരത്ത് നിന്നും തുണിയില്‍ എഴുതിയ നിലയില്‍ എന്തോ കുറിപ്പും പോലീസിന് ലഭിച്ചു. ഇതാണ് സംഭവം ആസുത്രിതമാണെന്ന നിഗമനത്തില്‍ പോലീസ് എത്താന്‍ കാരണം. സ്ഫോടനത്തിന് വെടിമരുന്ന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജീപ്പിന് സമീപം നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് ബാബു എന്ന ആള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കൊല്ലം പാരിപ്പിള്ളിയില്‍ പോലീസുകാരന് മണിയന് പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം കോടതിയില്‍ ആരംഭിച്ചിരുന്നു. ഇന്നും കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് സ്ഫോടനം.കേസുമായി സ്ഫോടനത്തിനു എന്തെങ്കിലും ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.