ജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കണ്ട് മനസ്സിലാക്കാനുമായി വിഭാവനം ചെയ്തതാണ് ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ പദ്ധതി. സര്‍ക്കാരില്‍ നിന്നും വിവിധ പദ്ധതികളിലൂടെ ലഭിക്കേണ്ട ധനസഹായവും മറ്റ് വികസന,ക്ഷേമകാര്യങ്ങളും നടപ്പാക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് തത്സമയംതന്നെ പരിഹാരം കാണാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്നു.
പുനലൂര്‍, കരുനാഗപ്പള്ളി എന്നിവടങ്ങളില്‍ നേരത്തെ നടത്തിയ ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ പരിപാടി വന്‍വിജയമായിരുന്നു.
ഇക്കുറി ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ പരിപാടി അച്ചന്‍കോവിലില്‍ ആണ് സംഘടിപ്പിച്ചത്. ഇവിടെ താമസിക്കുന്ന 158 ആദിവാസി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാനും അവയില്‍ പലതിനും പരിഹാരം കാണാനുമായി. രാവിലെ 9.30ന് കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ച പരിപാടിയില്‍ 140 ലേറെ പരാതികള്‍ ലഭിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം, വനം, റവന്യൂ, പട്ടികവര്‍ഗ വികസനം, പഞ്ചായത്ത്, ജല അതോറിറ്റി, കെ എസ് ഇ ബി, വ്യവസായം, കുടുംബശ്രീ, സാമൂഹ്യനീതി, ഗ്രാമവികസനം, ഭക്ഷ്യപൊതുവിതരണം എന്നീ വകുപ്പുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
ലഭിച്ചവയിലേറെയും വിവിധ സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷകളായിരുന്നു. അവയെല്ലാം പരിശോധിച്ച് പെന്‍ഷന്‍ നാല്‍കാനുള്ള നടപടി സ്വീകരിക്കുവാന്‍ പഞ്ചായത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
ആദിവാസികള്‍ താമസിക്കുന്ന കോളനിയില്‍ കുടിവെള്ള പദ്ധതിക്കായി ജല അതോറിറ്റി പുതിയ പ്രോജക്ട് തയ്യാറാക്കും. പട്ടികവര്‍ഗ വികസന വകുപ്പ് പദ്ധതി നടപ്പാക്കാനുള്ള ഫണ്ട് ലഭ്യമാക്കുകയും പദ്ധതിക്കുള്ള സ്ഥലം വനം വകുപ്പ് വിട്ടുകൊടുക്കുകയും ചെയ്യും. പരമാവധി പൊതു ടാപ്പുകള്‍ സ്ഥാപിക്കുവാനും ഇവയുടെ നടത്തിപ്പിനുള്ള ചെലവ് വഹിക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ ലഭിക്കുവര്‍ നല്‍കേണ്ട വൈദ്യുതി ചാര്‍ജ്ജ് ആദിവാസികള്‍ നല്‍കുന്നതൊഴിവാക്കി തുക അടയ്ക്കാന്‍ ധന സംരക്ഷണ സമിതിയെ ചുമതലപ്പെടുത്താനും യോഗത്തില്‍ ധാരണയായി.
ആണ്‍കുട്ടികള്‍ക്കായി പ്രതേ്യകം ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താന്‍ ഡി എഫ് ഒ യുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുവാനും നിര്‍ദേശിച്ചു.
40 പേര്‍ക്ക് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. ആധാര്‍ കാര്‍ഡിനായി 90 അപേക്ഷകള്‍ ലഭിച്ചു. ഇവ നല്‍കുന്നതിന് പ്രതേ്യക ക്യാമ്പ് അടുത്ത മാസം അച്ചന്‍കോവില്‍ സംഘടിപ്പിക്കും.
വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ഗ്രാമപഞ്ചായത്ത് പ്രതേ്യക പദ്ധതി തയ്യാറാക്കും. വീട് നല്‍കുന്നതിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ സുഖമില്ലാത്ത കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പഞ്ചായത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
ശൗചാലയം ഇല്ലാത്ത വീടുകളില്‍ ഗ്രാമ പഞ്ചായത്ത് സ്വന്തം ഫണ്ടില്‍ നിന്നും നിര്‍മിച്ചു നല്‍കും. ശുചിത്വ മിഷന്‍ തുക ലഭ്യമാകുന്ന മുറക്ക് ഫണ്ട് പഞ്ചായത്തിന് കൈമാറും.
കേടായ വൈദ്യുതി പോസ്റ്റുകളും ആദിവാസികള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകളും മാറ്റി സ്ഥാപിക്കും. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തവര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി കെ എസ് ഇ ബി ഉടന്‍ അപേക്ഷ സ്വീകരിച്ചു നടപടി സ്വീകരിക്കും.
ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് നിലവിലുള്ള യൂണിറ്റ് ശക്തിപ്പെടുത്തും. ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പുതിയ യൂണിറ്റ് സ്ഥാപിക്കാനും ആദിവാസികള്‍ക്ക് ഇതിനായി തൊഴില്‍ പരിശീലനം നല്‍കുന്നതിനും വിശദമായ പ്രോജക്ട് തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തി.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജോബ് കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കും. ഇവയുടെ ആവശ്യം സംബന്ധിച്ച് ആദിവാസികള്‍ക്കിടയില്‍ പ്രത്യേക ബോധവത്ക്കരണം നടത്തും.
ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുണ്ടായ കാലതാമസം മാപ്പാക്കാനുള്ള നടപടി ത്വരിതപ്പെടുത്തും. പഞ്ചായത്തില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് പെട്ടന്ന് നല്‍കാനും അവ ലഭിക്കുന്ന മുറയ്ക്ക് തന്നെ കാലതാമസം മാപ്പാക്കി നല്‍കാനും തീരുമാനിച്ചു.
വികലാംഗരായ മൂന്ന് കുട്ടികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയില്‍ അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ ഡി എം ഒയെ ചുമതലപ്പെടുത്തി.
കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ആദിവാസികളില്‍ നിന്നും പരാതികള്‍ സ്വീകരിച്ച് പരിഹാരങ്ങള്‍ നിര്‍ദേശിച്ചതിന് ശേഷം ആദിവാസികളുടെ വീടുകള്‍, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, പി എച്ച് സി, എല്‍ പി സ്‌കൂള്‍, മുതലത്തോട് കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.