കൊല്ലം: വീടുകളിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന തമിഴ് നാടോടി സംഘം ഓച്ചിറയിൽ പിടിയിൽ.
സേലം കക്കപ്പാളയം സ്വദേശികളായ ലക്ഷ്മി, മാരി, കൗസല്യ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആക്രി സാധനങ്ങൾ ശേഖരിക്കാൻ എന്ന വ്യാജേന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന തമിഴ്നാടോടി സംഘത്തെയാണ് മോഷണ ശ്രമത്തിനിടെ പിടികൂടിയത്.
ചങ്ങൻകുളങ്ങര ശ്രീമന്ദിരത്തിൽ വിനോദിന്റെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടിയത്.
കൊല്ലം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും മറ്റു ജില്ലകളിലും നടന്ന മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്ന് ഓച്ചിറ പോലീസ് പറഞ്ഞു. ബസുകളിലും മറ്റ് തിരക്കുള്ള സ്ഥലങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങളും പേഴ്സും മോഷണം പോകുന്നത് പതിവായിരുന്നു. അത്തരം സ്ഥലങ്ങളിലെല്ലാം തമിഴ് നാടോടി സ്ത്രീകളുമുണ്ടായിരുന്നു.
കൃത്യമായ മേൽവിലാസമോ മറ്റു വിവരങ്ങളോ ഇല്ലാത്തതിനാൽ ഇവരെ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. നാടോടികളുടെ കൂട്ടമായി എത്തുന്ന ഇവർ മൂന്നും നാലും പേരുള്ള സംഘങ്ങളായി തിരിഞ്ഞ് പലസ്ഥലങ്ങളിലാണ് മോഷണം നടത്തുന്നത്. ഇവരോടൊപ്പം പുരുഷന്മാർ ഉണ്ടാകാറില്ല.
കൊല്ലം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും മറ്റു ജില്ലകളിലും നടന്ന മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്ന കാര്യം കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് ഓച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാമുദ്ദീൻ അറിയിച്ചു. പ്രതികളെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.