കൊല്ലം പരവൂര്‍ വെടിക്കെട്ടപകടം മരണം 106 കഴിഞ്ഞു;350 ലധികം പേര്‍ക്ക് പരിക്ക്

 

കൊല്ലം : ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്ക് പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലെ കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ വെടിക്കെട്ടപകടത്തില്‍ 102 പേര്‍ മരിച്ചു. ഇതില്‍ പൊലീസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കുണ്ട്. ഒട്ടേറെപ്പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാം. അതേസമയം, മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പരവൂര്‍ സ്വദേശിയായ പ്രദീപ് അനിലി(50)നെയാണ് തിരിച്ചറിഞ്ഞത്.

പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. വെടിക്കെട്ടിനിടെ പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയില്‍ വീണാണ് അപകടം. ദേവസ്വം ബോര്‍ഡിന്റെ ഓഫിസ് പൂര്‍ണമായും തകര്‍ന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയി. സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പുലര്‍ച്ചെ വെടിക്കെട്ട് അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്കു വീണത്. സ്‌ഫോടനത്തില്‍ ക്ഷേത്രവളപ്പിലെ ഉപദേവതാക്ഷേത്രങ്ങളുടെയും സമീപത്തുള്ള വീടുകളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകര്‍ന്നനിലയിലാണ്.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥിതി വിലയിരുത്താനും അനന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനും ഡിജിപിയും കലക്ടറും ഉള്‍പ്പെട്ട ഉന്നതതലയോഗം ചേര്‍ന്നു. വെടിക്കെട്ട് നടത്തുന്നതിന് കരാറെടുത്ത സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. സുരേന്ദ്രന്റെ രണ്ടു മക്കളും ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആലോചിച്ചതിനുശേഷം തീരുമാനിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ഡിജിപി നേതൃത്വം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറ്റു പരിപാടികള്‍ റദ്ദാക്കി കൊല്ലത്തേക്ക് തിരിച്ചു.

അപകടസമയത്ത് കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പരവൂര്‍ സ്റ്റേഷനില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പൊള്ളലേറ്റവരെ എത്തിച്ചാല്‍ ഉടന്‍ അടിയന്തര ചികില്‍സ നല്‍കണം. ജാഗ്രതാ നിര്‍ദേശം സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്.

കൊല്ലത്ത് കണ്‍ട്രോള്‍ റൂം തുറന്നു. നമ്പര്‍: 04742512344, 9497930863, 9497960778

Top