ന്യൂഡല്‍ഹി: ഡിജിപിയ്ക്ക് പിന്നാലെ ആരോഗ്യ വകുപ്പും ദുരന്ത സമയത്തെ വിവിഐപി സന്ദര്‍നത്തിനെതിരെ രംഗത്ത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് വി.വി.ഐ.പി സന്ദര്‍ശനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം നൂറോളം പേര്‍ വാര്‍ഡിലേക്ക് കടന്നുവന്നത് ചികിത്സ തടസപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചു. ആശുപത്രി അധികൃതരുടെ വിലക്ക് മറികടന്നാണ് മോദിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം നിരവധിപേര്‍ ഐ.സി.യുവിലേക്ക് പ്രവേശിച്ചത്.
60 മുതല്‍ 90 ശതമാനം വരെ പൊള്ളലേറ്റവര്‍ കിടക്കുന്ന വാര്‍ഡുകളിലായിരുന്നു വി.വി.ഐ.പികള്‍ സന്ദര്‍ശനത്തിനെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ നഴ്‌സുമാരേയും ഡോക്ടര്‍മാരേയും വാര്‍ഡുകളില്‍ കയറുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് ചികിത്സ വൈകിപ്പിച്ചു. സര്‍ജിക്കല്‍ വാര്‍ഡിലെ നഴ്‌സുമാരോട് 30 മിനിറ്റോളം പുറത്തുനില്‍ക്കാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷവിഭാഗം ആവശ്യപ്പെട്ടിരുന്നു.
ചികിത്സ ലഭ്യമാകേണ്ടിയിരുന്ന ഏറ്റവും നിര്‍ണായക സന്ദര്‍ഭത്തിലാണ് പരിക്കേറ്റവര്‍ക്ക് ഇത്തരത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ടത്. ഇത് പലരുടേയും ചികിത്സയേയും ബാധിച്ചതായി നഴ്‌സുമാരും ഡോക്ടര്‍മാരും പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറോടും മെഡിക്കല്‍ വകുപ്പ് ഡയറക്ടറോടും പുറത്തു നില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആ സമയത്ത് ചെറിയ തര്‍ക്കം പോലും ഉണ്ടായി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെയല്ല, വി.വി.ഐ.പികളോടൊപ്പം നിരവധിപേര്‍ തള്ളിക്കയറിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കുന്ന വിശദീകരണം. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടിവന്നത് പൊലീസിന് തലവേദന സൃഷ്ടിച്ചുവെന്ന് ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ ഇന്നലെ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനേക്കാള്‍ ഗുരുതരമായ ആരോപണമാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.രമേശ് ഉന്നയിച്ചിരിക്കുന്നത്.