![](https://dailyindianherald.com/wp-content/uploads/2016/04/kollam-temple-tragedy.png)
തിരുവനന്തപുരം: നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പരവൂര്‍ ദുരന്തത്തിന് മുഖ്യാകാരണക്കാര്‍ പോലീസാണെന്ന് ചൂണ്ടികാട്ടി കൊല്ലം കളക്ടറുടെ രഹസ്യ റിപ്പോര്‍ട്ട്. 200 ഓളം പോലീസുകാര്‍ ക്ഷേത്ര പരിസരുത്തുണ്ടായിട്ടും നിയമ വിരുദ്ധമായ വെടിക്കെട്ട് മത്സരം തടഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സര വെടിക്കെട്ട് നടക്കുമെന്ന വിവരമറിഞ്ഞിട്ടും പൊലീസ് തടഞ്ഞില്ലെന്ന് ചീഫ് സെക്രട്ടറി പി.കെ. മൊഹന്തിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ പിന്നീട് പല സ്ഥലത്തായി പിരിഞ്ഞുപോയി. മത്സരത്തിന് താന്‍ അനുമതി നിഷേധിച്ചിട്ടും ജില്ലാ പൊലീസ് മേധാവി മൗനംപാലിക്കുകയായിരുന്നു. കൊല്ലം പൊലീസ് ഡിവിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം എല്ലാവര്‍ക്കും മത്സര വെടിക്കെട്ട് നടക്കുന്ന കാര്യം അറിയാമായിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായെന്ന് കളക്ടര്‍ വിശദീകരിക്കുന്നു. അതിനിടെ മത്സര വെടിക്കെട്ടിന് അനുമതി വാങ്ങാന്‍ ശ്രമിച്ചതില്‍ ഉയര്‍ന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. എ.ഡി.ജി.പി പദവിയുള്ള ഒരു ഉദ്യോഗസ്ഥന്‍ കൊല്ലം കമ്മിഷണര്‍ പി. പ്രകാശനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്. മംഗളം പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
മത്സര വെടിക്കെട്ട് നടക്കുന്ന സമയത്ത് സംഭവസ്ഥലത്തെത്തിയ പരവൂര്‍ സിഐ ചന്ദ്രകുമാര്‍ ഏതാനും പൊലീസുകാരെ സംഭവസ്ഥലത്തുനിന്ന് മാറ്റിനിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്. പൊലീസിന്റെ വീഴ്ച വ്യക്തമാക്കികൊണ്ടുള്ള സമഗ്ര ചിത്രമാണ് റിപ്പോര്‍ട്ടിലൂടെ കലക്ടര്‍ നല്‍കിയിട്ടുള്ളത്. ഇതോടെ കൊല്ലം പൊലീസ് കമ്മീഷണര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കളക്ടര്‍ തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. വെടിക്കെട്ട് താന്‍ നിരോധിച്ചിട്ടും പരവൂരില്‍ എങ്ങനെ അതു നടന്നുവെന്നതാണ് കളക്ടറെ പ്രകോപിപ്പിക്കുന്നത്. ഇതില്‍ നിന്ന് തലയൂരാന്‍ പൊലീസ് പല ന്യായങ്ങള്‍ പറഞ്ഞിരുന്നു. ഉല്‍സവക്കമ്മറ്റിക്കാര്‍ തെറ്റിധരിപ്പിച്ചുവെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ മതിയായ പൊലീസ് ഉണ്ടായിട്ടും ആരും ഒന്നും ചെയ്തില്ലെന്നും ഇതിന് കാരണം ഉന്നത തല സമ്മര്‍ദ്ദമാണെന്നുമാണ് കളക്ടറുടെ നിലപാട്.
പരവൂര്‍ ദുരന്തത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി കളക്ടര്‍ കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു്. എന്നാല്‍ അത് നല്‍കേണ്ടെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനിടെയാണ് ചീഫ് സെക്രട്ടറിക്ക് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. കമ്മീഷണറുടെ വിശദീകരണത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയും അനുമതി നിഷേധിച്ചിരുന്നു. വെടിക്കെട്ട് നിരോധിക്കുന്നതിന് എതിരായും അനുകൂലമായും ദിവസങ്ങളുടെ ഇടവേളയില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയതും വിവാദമായിട്ടുണ്ട്. കമ്മിഷണറുടെ രണ്ട് കത്തുകളും പുറത്തുവന്നിരുന്നു. രണ്ടിനും അനുബന്ധമായി പരവൂര്‍ സി.ഐയുടെയും ചാത്തന്നൂര്‍ എ.സി.പിയുടെയും റിപ്പോര്‍ട്ടുകളുമുണ്ട്. ഏപ്രില്‍ 6നാണ് മത്സര കമ്പക്കെട്ട് നടത്താനുള്ള ഭൗതികസാഹചര്യം പുറ്റിങ്ങല്‍ അമ്പലപ്പറമ്പില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിപാടി നിരോധിക്കണമെന്ന റിപ്പോര്‍ട്ട് കമ്മിഷണര്‍ നല്‍കുന്നത്. 8ന് മത്സരക്കമ്പം നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. എന്നാല്‍ 9ന് ക്ഷേത്രാചാരപ്രകാരം വെടിക്കെട്ട് നടത്തുന്നതിന് തടസമില്ലെന്ന് അടുത്ത റിപ്പോര്‍ട്ട് നല്‍കി. ജില്ലാ കളക്ടര്‍ മുന്‍ നിലപാടില്‍ ഉറച്ചു നിന്നു. ഈ വിവാദത്തിലാണ് കാര്യങ്ങള്‍ വിശദീകരിച്ച് ഷൈന മോള്‍ രംഗത്ത് വന്നത്.