തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ 92 കോടി രൂപയുടെ നാശ നഷ്ടമുണ്ടായതായി സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. 107 പേര്‍ മരിക്കുകയും 1197 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത ദുരന്തം സമാനതകളില്ലാത്തതാണെന്നും സൂനാമി കഴിഞ്ഞാല്‍ കേരളത്തിലുണ്ടായ ഏറ്റവും വലിയ അപകടമാണെന്നും സംസ്ഥാന ദുരിതാശ്വാസ കമ്മിഷണറും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്ത തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
മരിച്ചവരുടെ കുടുംബത്തിനു പ്രഖ്യാപിച്ച 10 കോടി രൂപയുടെ സഹായവും പുനരധിവാസ പാക്കേജിനുള്ള 15 കോടിയും ഉള്‍പ്പെടെ 117 കോടി രൂപയുടെ പ്രത്യേക സാമ്പത്തികസഹായം അനുവദിക്കണമെന്നും അപകടത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിലവിലുള്ള കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 48 കോടി രൂപയേ അനുവദിക്കാനാകൂ എങ്കിലും പ്രത്യേക പരിഗണന നല്‍കി 117 കോടി രൂപ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ദുരന്തമുണ്ടായ മേഖലയില്‍ 1.35 കോടിയുടെ ശുദ്ധജലവിതരണം നടത്തി. തകര്‍ന്ന അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യാന്‍ 1.33 കോടി ചെലവായി. 1.58 കോടിയുടെ കൃഷി നാശം ഇതിനു പുറമേയാണ്. പൂര്‍ണമായി തകര്‍ന്ന 100 വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ 15 കോടിയും ഭാഗികമായി തകര്‍ന്ന 409 വീടുകളുടെ അറ്റകുറ്റപ്പണിക്കു 10 കോടിയും ചെറിയ കേടുപാടുള്ള 1484 വീടുകള്‍ നന്നാക്കാന്‍ 14.84 കോടിയും വേണ്ടിവരും. മനുഷ്യശരീരങ്ങളും വെടിമരുന്നും കലര്‍ന്നു കിടക്കുന്ന കിണറുകളുടെ ശുദ്ധീകരണത്തിന് 50 ലക്ഷം രൂപയാണു കണക്കാക്കിയിട്ടുള്ളത്. വൈദ്യുതി ലൈനുകളും ട്രാന്‍സ്‌ഫോമറുകളും ഉള്‍പ്പെടെ തകര്‍ന്നു കെഎസ്ഇബിക്കു രണ്ടുകോടിയുടെ നഷ്ടമുണ്ടായി. പ്രദേശവാസികള്‍ക്കു ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാനസിക പരിചരണം, കേള്‍വിത്തകരാര്‍ പരിഹരിക്കല്‍, കൊല്ലം ജില്ലാ ആശുപത്രിയില്‍ പൊള്ളല്‍ ചികില്‍സാ വിഭാഗം തുടങ്ങല്‍, മണ്ണിലെയും വെള്ളത്തിലെയും വിഷാംശം നീക്കം ചെയ്യല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള പുനരധിവാസ പാക്കേജിനാണ് 15 കോടി രൂപ ആവശ്യപ്പെട്ടിട്ടുള്ളത്.