കോപ്പയിലെ കോട്ടകാക്കാൻ ഫുട്‌ബോൾ വമ്പൻമാരിറങ്ങുന്നു; അമേരിക്കയിൽ കോപ്പ ഉരുണ്ടു തുടങ്ങും

സ്വന്തം ലേഖകൻ

ഫുട്‌ബോളിന്റെ കോപ്പ നാളെമുതൽ നുരയും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോൾ ടൂർണമെന്റായ കോപ്പ അമേരിക്കയുടെ നൂറാം വർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ടൂർണമെന്റായ സെന്റിനറി കോപ്പ അമേരിക്കയ്ക്ക് നാളെ അമേരിക്കൻ ഐക്യനാടുകളിൽ തുടക്കമാകും. അമേരിക്കയിലെ പത്തു നഗരങ്ങളിലായി 23 ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിന് നാളെ രാത്രി 9:30നാണ് കിക്കോഫ്. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ഏഴിന്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ യു.എസ്.എ. ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയെ നേരിടും. ഠ കോപ്പ നേടാൻ 16 ടീമുകൾ 16 ടീമുകളാണ് നൂറ്റാണ്ടിന്റെ കോപ്പ തേടി പോരാട്ടത്തിനിറങ്ങുന്നത്. ലാറ്റിനമേരിക്കൻ ഫുട്‌ബോൾ അസോസിയേഷനായ കോമിബോളിന്റെ കീഴിലുള്ള എല്ലാ രാജ്യങ്ങളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. 10 രാജ്യങ്ങളാണ് മേഖലയിൽ നിന്നുള്ളത്. ആരാധകരുടെ ഇഷ്ട ടീമുകളായ അർജന്റീന, ബ്രസീൽ, യുറുഗ്വായ്, ചിലി എന്നിവർക്കു പുറമേ കൊളംബിയ, പരാഗ്വെ, വെനസ്വേല, പെറു, ബൊളീവിയ, ഇക്വഡോർ എന്നിവരാണ് കോമിബോൾ മേഖലയെ പ്രതിനിധീകരിക്കുന്നത്. ശേഷിക്കുന്ന ആറു ടീമുകൾ കോൺകാകാഫ് മേഖലയിൽ നിന്നാണ്. ഇവിടെ നിന്നുള്ള ടീമുകൾ സാധാരണ കോപ്പാ അമേരിക്ക ടൂർണമെന്റുകളിലെ സ്ഥിരം ക്ഷണിതാക്കളാണ്. ഇതിൽ ഒട്ടുമിക്ക ടൂർണമെന്റുകളിലും കളിച്ചിട്ടുള്ള മെക്‌സിക്കോയ്ക്ക് ചാമ്പ്യൻഷിപ്പിലേക്ക് നേരിട്ട് ക്ഷണം ലഭിച്ചു. കോപ്പ അമേരിക്ക ടൂർണമെന്റുകളിൽ രണ്ടു തവണ ഫൈനൽ കളിച്ചിട്ടുള്ള ടീമാണ് മെക്‌സിക്കോ. യു.എസ്.എ. ആതിഥേയർ എന്ന നിലയിലും ഇടം നേടി. 1995ലെ കോപ്പ അമേരിക്ക ടൂർണമെന്റിലെ ഫൈനലിസ്റ്റുകൾ കൂടിയാണ് യു.എസ്.എ. കോൺകകാഫിൽ നിന്നുള്ള മറ്റു നാലു ടീമുകൾ യോഗ്യത അനുസരിച്ചാണ് ഇടംപിടിച്ചത്. 2014ലെ സെൻട്രോ അമേരിക്കാന ചാമ്പ്യന്മാർ എന്ന നിലയിൽ കോസ്റ്റാറിക്കയും 2014ലെ കരീബിയൻ കപ്പ് ജേതാക്കൾ എന്ന നിലയിൽ ജമൈക്കയും ടൂർണമെന്റിനെത്തുമ്പോൾ പ്ലേ ഓഫ് കളിച്ച് യോഗ്യത നേടിയാണ് ഹെയ്തി, പനാമ എന്നിവർ എത്തുന്നത്. ഠ പോരടിക്കാൻ നാലു ഗ്രൂപ്പുകൾ 16 ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചു ഗ്രൂപ്പ്നോക്കൗട്ട് അടിസ്ഥാനത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. എ ഗ്രൂപ്പിൽ അമേരിക്ക, കൊളംബിയ, കോസ്റ്റാറിക്ക, പരാഗ്വെ ഗ്രൂപ്പ് ബിയിൽ ബ്രസീൽ, ഇക്വഡോർ, ഹെയ്തി, പെറു. ഗ്രൂപ്പ് സിയിൽ മെക്‌സിക്കോ, ഉറുഗ്വെ, ജമൈക്ക, വെനസ്വേല ഗ്രൂപ്പ് ഡിയിൽ അർജന്റീന, ചിലി, ബൊളീവിയ, പാനമ എന്നിങ്ങനെയുമാണ് തിരിച്ചിരിക്കുന്നത്. എല്ലാ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ടു സ്ഥാനക്കാർ ക്വാർട്ടറിലെത്തും. തുടർന്ന് സെമിഫൈനലുകളും ജൂൺ 26ന് ഫൈനലും നടക്കും. അർജന്റീനയും ചിലിയും ഏറ്റുമുട്ടുന്ന ഗ്രൂപ്പ് ഡിയാണ് ഏറെ ശ്രദ്ധയമാകുന്നത്. കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിലെ ഫൈനലിസ്റ്റുകളാണ് ഇരുവരും. അന്നത്തെ ഫൈനലിൽ അർജന്റീനയെ ഷൂട്ടൗട്ടിൽ തോൽപിച്ച ചിലി കന്നി കോപ്പ നേടിയിരുന്നു. ഠ ശ്രദ്ധ ത്രിമൂർത്തികളിലേക്ക് കോപ്പ അമേരിക്കയുടെ ത്രിമൂർത്തികളാണ് യുറുഗ്വായും അർജന്റീനയും ബ്രസീലും. നൂറ്റാണ്ടിന്റെ ചരിത്രമുള്ള കോപ്പയിൽ 21 തവണ ഫൈനൽ കളിച്ചു 15 തവണ ജേതാക്കളായ യുറുഗ്വായാണ് മുന്നിൽ. 27 തവണ ഫൈനലിനിറങ്ങിയ അർജന്റീന 14 തവണ ജേതാക്കളായി. ഏറ്റവും കൂടുതൽ തവണ ഫൈനൽ കളിച്ച ടീമും അർജന്റീന തന്നെ. ബ്രസീൽ എട്ട് തവണ ചാമ്പ്യന്മാരായയിട്ടുണ്ട്. പരാഗ്വെ, പെറു എന്നിവർ രണ്ടു തവണയും ചിലി, കൊളംബിയ, ബൊളീവിയ എന്നീ ടീമുകൾ ഓരോ തവണ വീതവും ജേതാക്കളായിട്ടുണ്ട്. എല്ലാത്തവണത്തെയും പോലെ അർജന്റീനബ്രസീൽ ഫൈനലാണ് ആരാധകർ ഏറെ പ്രതീക്ഷിക്കുന്നത്. ഇക്കുറി നൂറ്റാണ്ടിന്റെ കോപ്പ നേടാൻ ഇവർ തമ്മിലാണ് കലാശപ്പോരാട്ടമെങ്കിൽ അത് കാൽപ്പന്ത് കളിയുടെ സംപ്രഷണ റെക്കോഡുകൾ തകർക്കുന്ന ഒന്നാകും. ഠ ഈ ട്രോഫി എന്നെന്നേക്കുമായി ജേതാക്കൾക്ക് സമ്മാനിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രോഫിയാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക പതിപ്പായതിനാൽ ഈ കോപ്പ ജയിക്കുന്ന ടീമിന് സ്വന്തമാക്കി അഭിമാനിക്കാം. കോപ്പ ജേതാക്കൾക്ക് സമ്മാനിക്കുന്ന യഥാർത്ഥ ട്രോഫിയുടെ അതേ മാതൃകയിലുള്ളതാണ് പ്രത്യേക പതിപ്പിനും. എന്നാൽ പൂർണമായും സ്വർണത്തിലാണ് ഇത് നിർമിച്ചിരിക്കുന്നതെന്നു മാത്രം. യഥാർത്ഥ ട്രോഫിയുടെ താഴേ ഭാഗത്ത് മുൻകാല ജേതാക്കളുടെ പേരാണ് ആലേഖനം ചെയ്തിരിക്കുന്നതെങ്കിൽ ഇതിൽ പങ്കെടുക്കുന്ന 16 ടീമുകളുടെ പേരും ജേതാക്കളുടെ പേരുമാണ് ആലേഖനം ചെയ്യുക. കൂടാതെ ട്രോഫിയിൽ ദക്ഷിണഉത്തര അമേരിക്കകളുടെ ഭൂപടവും ചിത്രീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top