സ്‌പോട്‌സ് ഡെസ്‌ക്
കാലിഫോർണിയ: ഹാമിഷ് റോഡ്രിഗസിന്റെ പെനാലിറ്റിയും, ക്രിസ്റ്റ്യൻ സപ്പാറ്റയുടെ വോളിയും ചേർന്ന് ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്കയെ കെട്ടു കെട്ടിച്ചു. ആദ്യ പകുതിയിൽ വീണ രണ്ടു ഗോളുകൾക്കു പിന്നിലായി പോയ ആതിഥേയർക്കു പിന്നെ മത്സരത്തിലേയ്ക്കു തിരികെ എത്താനേ സാധിച്ചില്ല. മത്സരത്തിനിടെ വീണ് ഇടം കയ്ക്കു പരുക്കേറ്റ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് വേദന അമർത്തിപ്പിടിച്ച് കളം വിട്ടത് വരും മത്സരങ്ങളിലേയ്ക്കു കൊളംബിയ ആരാധകർക്കുള്ള സങ്കടക്കാഴ്ചയായി.
കാലിഫോർണിയയിലെ സാന്റാക്ലാരാ സെന്റ് ലീവ്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരം സ്‌കോർ നില സൂചിപ്പിക്കുന്നതു പോലെ അത്ര ഏകപക്ഷീയമായിരുന്നില്ല. ആക്രമണ ഫുട്‌ബോളിന്റെ വന്യഭാവങ്ങളെല്ലാം പുറത്തെടുത്തു തകർത്തടിച്ച അമേരിക്ക ഏതു നിമിഷവും ഗോൾ വീഴുമെന്ന ഭയം കൊളംബിയൻ പോസ്റ്റിനു മുന്നിലെത്തിച്ചു. ആക്രമണം അതിന്റെ എല്ലാ ഭാവവും കൈക്കൊണ്ടപ്പോൾ ആദ്യ പകുതിയിൽ 65 ശതമാനത്തോളം പന്ത് അമേരിക്കൻ കളിക്കാരുടെ കാലുകളിൽ നിന്നു. പിന്നെ പന്തുമായി കൊളംബിയ നടത്തിയ മിന്നൽ നീക്കങ്ങൾക്കൊടുവിൽ ഏഴാം മിനിറ്റിൽ വീണ കോർണർ മത്സരത്തിന്റെ ഗതി മാറ്റിമറിച്ചു.
വലതു മൂലയിൽ നിന്നു എഡ്വിൻ കാർഡോന ഉയർത്തി വിട്ട പന്ത് സപ്പാറ്റയുടെ കാലിൽ വന്നു വീഴുമ്പോൾ പോസ്റ്റിലേയ്ക്ക് ഒരു വോളിയൂടെ ദൂരം മാത്രമായിരുന്നു ബാക്കി. സപ്പാറ്റ തൊടുത്ത വെടിയുണ്ട വലയിൽ വന്നു നിറഞ്ഞപ്പോഴേയ്ക്കും കളി കൊളംബിയ സ്വന്തമാക്കിയിരുന്നു. പിന്നെ വിജയം ഉറപ്പിച്ച രീതിയിൽ അൽപം തണുത്ത കളി കൊളംബിയ പുറത്തെടുത്തെങ്കിലും, കൈവിട്ടു കളയാൻ അമേരിക്ക തയ്യാറായില്ല. മിന്നൽ നീക്കങ്ങളിലൂടെയും, തകർപ്പൻ ഡ്രിബിളിങ്ങിലൂടെയും അമേരിക്കൻ സംഘം മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായി വീണ പെനാലിറ്റി ആതിഥേയരുടെ സകല പ്രതീക്ഷകളും തകർത്തു കളയുന്നതായിരുന്നു.
41-ാം മിനിറ്റിൽ ഗോൾ പോസ്റ്റിനു മുന്നിൽ നടന്ന കൂട്ടപ്പൊരിച്ചിലിനിടെ ആതിഥേയരുടെ താരത്തിന്റെ കയ്യിൽ പന്തു തട്ടി. പെനാലിറ്റി ബോക്‌സിലേയ്ക്കു റഫറി വിരൽ ചൂണ്ടിയതോടെ അമേരിക്കൻ താരങ്ങൾ തലയിൽ കൈവച്ചു. ഹാമിഷ് റോഡ്രിഗസിന്റെ ഷോപ്പ് വല കുലുക്കിയപ്പോൾ അമേരിക്ക പരാജയം ഉറപ്പിച്ചിരുന്നു. മൂന്നാം ഗോളിനായി മുന്നേറുന്നതിനിടെ അമേരിക്കൻ പ്രതിരോധ താരത്തിന്റെ കാലിൽത്തട്ടി തോളിടിച്ചു കളത്തിൽ വീണ ഹാമിഷ് റോഡ്രിഗസ് വേദനയോടെ കൈ അമർത്തിപ്പിടിച്ചാണ് മടങ്ങിയത്.