
സ്‌പോട്‌സ് ഡെസ്‌ക്
കാലിഫോർണിയ: കോപ്പ അമേരിക്ക സെന്റിനറി ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ടൂർണമെന്റിലെ ഫേവറേറ്റുകളായ ബ്രസീലിനു നിരാശപ്പെടുത്തുന്ന സമനില. പുതുനിരയുമായി കളത്തിലിറങ്ങിയ ബ്രസീൽ കോച്ച് ദുംഗയ്ക്കും സംഘത്തിനും ഗോളടിക്കാൻ മാത്രം സാധിച്ചില്ല. പ്രതിരോധ നിരയും ഗോളിയും അവസരത്തിനു ഒത്തുയർന്നതോടെ ഗോൾ വഴങ്ങിയില്ലെന്ന ആശ്വാസം മാത്രം ബാക്കി.
ആദ്യ മത്സരത്തിൽ കാര്യമായ വെല്ലുവിളി ഇക്വഡോറിൽ നിന്നുണ്ടാകില്ലെന്നു പ്രതീക്ഷിച്ചിറങ്ങിയ ബ്രസീലിനു പക്ഷേ, കളത്തിൽ നിറഞ്ഞാടിയിട്ടും ഗോളടിക്കാൻ സാധിച്ചില്ല. ബാഴ്‌സലോണ വിട്ടു നൽകാത്തതിനെ തുടർന്നു കളത്തിലിറങ്ങാൻ സാധിക്കാതിരുന്ന സൂപ്പർ താരം നെയ്മറെ ബഞ്ചിലിരുത്തിയാണ് ബ്രസീൽ കളത്തിലിറങ്ങിയത്. എന്നാൽ, മുന്നേറ്റനിരയിൽ വില്ലിയനെയും യുവ താരങ്ങളെയും ഇറക്കിയ ദുംഗയ്ക്കു കടലാസിലെ കണക്കുകൾ കളത്തിൽ നടപ്പാക്കാൻ സാധിച്ചില്ല.