കോപ്പ ഇന്നു നിറഞ്ഞു തുടങ്ങും; കാൽപ്പന്തിന്റെ കളിയാരവം ഇനി അമേരിക്കയിൽ

സ്‌പോട്‌സ് ഡെസ്‌ക്

ന്യൂയോർക്ക്: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് അമേരിക്കയിൽ തുടക്കം. ഇന്ത്യൻ സമയം നാളെ രാവിലെ ഏഴിനാണ് ആദ്യ പോരാട്ടം. ലോകത്തെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോൾ ടൂർണമെന്റായ കോപ്പ അമേരിക്കയുടെ നൂറാം വർഷികം പ്രമാണിച്ചുള്ള പ്രത്യേക ടൂർണമെന്റിനാണ് യുഎസ്എ ആതിഥേയരായ വഹിക്കുന്നത്. അമേരിക്കയിലെ പത്ത് നഗരങ്ങളിലായി 23 ഫുട്‌ബോൾ ദിനങ്ങളാണ് കോപ്പ അമേരിക്ക സെന്റിനാറിയോയ്ക്കുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച യുഎസ്എകൊളംബിയ പോരാട്ടത്തോടെയാണ് കോപ്പ അമേരിക്കയുടെ സെന്റിനാറിയോ ടൂർണമെന്റിനുള്ള കിക്കോഫ് വിസിൽ മുഴങ്ങുന്നത്. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ഏഴുമണിക്കാണ് ആദ്യ പോരാട്ടം. ചരിത്രത്തിലാദ്യമായാണ് ലാറ്റിനമേരിക്കക്ക് പുറത്ത് ടൂർണമെന്റ് അരങ്ങേറുന്നത്.

ആദ്യ ദിനം ഒരു മത്സരം മാത്രമാണുള്ളത്. ജൂൺ അഞ്ചിന് മൂന്ന് മത്സരങ്ങൾ നടക്കും. ബാക്കി ഗ്രൂപ്പ് മത്സര ദിനങ്ങളിലെല്ലാം രണ്ടെണ്ണം വീതവും അരങ്ങേറും.
ജൂൺ 15ന് ഗ്രൂപ്പ് മത്സരങ്ങൾക്ക് സമാപനം. 17, 18, 19 തീയതികളിൽ ക്വാർട്ടർ പോരാട്ടങ്ങളും 22, 23 തീയതികളിൽ സെമിയും 26ന് ലൂസേഴ്‌സ് ഫൈനലും 27ന് ഫൈനലും അരങ്ങേറും. 32 മത്സരങ്ങളാണ് ആകെ നടക്കുക. ചിലിയാണ് നിലവിലെ കോപ്പ അമേരിക്കയിലെ ചാമ്പ്യന്മാർ. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻഷിപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയെ ഫൈനലിൽ തോൽപ്പിച്ചാണ് ചിലി ചരിത്രത്തിലാദ്യമായി കിരീടം നേടിയത്.

കോപ്പയിലെ പതിവുനിയമങ്ങളിൽ ഇക്കുറിയും മാറ്റമില്ല. നോക്കൗട്ട് റൗണ്ടുകളിലൊന്നും ഇത്തവണയും അധികസമയം അനുവദിക്കില്ല. ഫൈനലിൽ മാത്രമാകും അധികസമയം അനുവദിക്കുക. പൊതുവേ എല്ലാ ടൂർണമെന്റുകളിലും നോക്കൗട്ട് മത്സരങ്ങളിൽ അധികസമയം ഉപയോഗിക്കാറുണ്ട്. സമനില തുടർന്നാൽ ഷൂട്ടൗട്ട്. കോപ്പയിൽ അതല്ല രീതി. ക്വാർട്ടറിലും സെമിയിലും അധികസമയം അനുവദിക്കില്ല.

നിശ്ചിതസമയം കഴിഞ്ഞാൽ മത്സരം നേരെ ഷൂട്ടൗട്ടിലേക്ക് കടക്കും. ഫൈനലിൽ അരമണിക്കൂർ അധികസമയുണ്ട്. കഴിഞ്ഞ വർഷം അർജന്റീനയും ചിലിയും തമ്മിലുള്ള മത്സരം ഷൂട്ടൌട്ടിലാണ് അവസാനിച്ചത്.
ഇത്തവണ യുഎസിലെ പത്തു നഗരങ്ങളിലെ പത്തു സ്‌റ്റേഡിയങ്ങളാണ് പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. തെക്കേ അമേരിക്കൻ കോൺഫെഡറേഷനായ കോംബോളിലെ പത്തു രാജ്യങ്ങളും വടക്കേ അമേരിക്കൻ കോൺഫെഡറേഷനായ കോൺകകാഫിലെ ആറു രാജ്യങ്ങളും ഉൾപ്പെടെ 16 ടീമുകളാണ് ഇത്തവണത്തെ ചാമ്പ്യൻഷിപ്പിൽ കൊമ്പുകോർക്കുന്നത്. കോംബോളിൽ നിന്ന് അർജന്റീന, ബ്രസീൽ, ബൊളീവിയ, ചിലി, പരാഗ്വെ, കൊളംബിയ, ഇക്വഡോർ, പെറു, ഉറുഗ്വേ, വെനസ്വേല എന്നീ രാജ്യങ്ങളും കോൺകകാഫിൽ നിന്ന് യുഎസ്, മെക്‌സിക്കോ, കോസ്റ്ററിക്ക, ഹെയ്തി, ജമൈക്ക, പനാമ ടീമുകളാണ് ഇത്തവണത്തെ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.

ഈ ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പോരാട്ടങ്ങൾ. സ്‌പെഷൽ ടൂർണമെന്റായതിനാൽ ജയിക്കുന്ന ടീമിന് ശതാബ്ദി ട്രോഫി എന്നന്നേക്കുമായി കൈവശം വയ്ക്കാം. ജയിക്കുന്ന ടീമിന്റെ പേര് ശരിക്കുള്ള കോപ്പ അമേരിക്ക ട്രോഫിയിലും ഇടംപിടിക്കും.
1916ൽ ആരംഭിച്ച കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ 45ാം പതിപ്പാണ് അമേരിക്കയിൽ നടക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോൾ ടൂർണമെന്റുകളിലൊന്നാണ് കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ്. 1916ൽ സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് എന്ന പേരിലാണ് ടൂർണമെന്റ് ആരംഭിച്ചത്.

1967 വരെ തുടർച്ചയായ വർഷങ്ങളിലും ഒന്നിടവിട്ട വർഷങ്ങളിലുമാണ് ടൂർണമെന്റ് നടത്തിയിരുന്നത്. 1929ൽ അർജന്റീനയിൽ നടന്നശേഷം ആറ് വർഷം ടൂർണമെന്റ് മുടങ്ങി. പിന്നീട് 1935ൽ പെറുവിലാണ് ടൂർണമെന്റ് വീണ്ടും ആരംഭിച്ചത്. പങ്കെടുക്കുന്ന ടീമുകൾ പരസ്പരം പോരാടി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം കിരീടം നേടുകയായിരുന്നു. ആദ്യമെത്തുന്ന ടീമുകൾക്ക് ഓരോ പോയിന്റാണെങ്കിൽ പ്ലേ ഓഫിലൂടെ ജേതാക്കളെ നിർണയിക്കുകയായിരുന്നു. ആദ്യ നാല് പതിപ്പിൽ അർജന്റീന, ബ്രസീൽ, ഉറുഗ്വെ, ചിലി ടീമുകൾ മാത്രമേ പങ്കെടുത്തുള്ളു.

1916 മുതൽ 1967 വരെയുള്ള കാലത്ത് അർജന്റീനയാണ് ചാമ്പ്യൻഷിപ്പ് ഏറ്റവും കൂടുതൽ ഉയർത്തിയത്. പന്ത്രണ്ട് തവണ അർജന്റീന കിരീടമുയർത്തിയപ്പോൾ ഉറുഗ്വെ പതിനൊന്നും പ്രാവശ്യവും തെക്കേ അമേരിക്കയിലെ രാജാക്കന്മാരായി. ബ്രസീൽ മൂന്നു തവണയും. 1975 മുതൽ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് കോപ്പ അമേരിക്ക എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. അപ്പോഴും ടൂർണമെന്റിന്റെ നടത്തിപ്പ് ശൈലിയിൽ പല മാറ്റങ്ങളുമുണ്ടായി. നാല് വർഷത്തിലൊരിക്കലായി ടൂർണമെന്റ്.

75 മുതൽ 91 വരെ പത്ത് ടീമുകളാണ് പങ്കെടുത്തത്. 1993 മുതലാണ് കോപ്പ അമേരിക്കൻ ടൂർണമെന്റിന്റെ ഇന്നു കാണുന്ന അവസ്ഥയിലേക്കു മാറിയത്. 1993 മുതൽ നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 12 ആയി ഉയർത്തി. കോപ്പ അമേരിക്കയെന്ന പേരിലേക്കു ടൂർണമെന്റ് മാറിയതിൽപ്പിന്നെ ബ്രസീൽ അഞ്ചു തവണ ചാമ്പ്യന്മാരായപ്പോൾ അർജന്റീനക്ക് രണ്ട് തവണ മാത്രമാണ് കിരീടം നേടാൻ കഴിഞ്ഞത്. എന്നാൽ ടൂർണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം ചൂടിയത് ഉറുഗ്വെയാണ്. 15 തവണ. ആറ് തവണ രണ്ടാം സ്ഥാനക്കാരുമായി.

അർജന്റീന ആകെ 14 തവണ ചാമ്പ്യന്മാരായപ്പോൾ 13 തവണ റണ്ണേഴ്‌സപ്പായി. ബ്രസീൽ എട്ട് തവണ കിരീടം നേടിയപ്പോൾ 11 തവണ രണ്ടാം സ്ഥാനക്കാരായി. പരാഗ്വെ, പെറു ടീമുകൾ രണ്ട് തവണ വീതവും കൊളംബിയ, ബൊളീവിയ, ചിലി ടീമുകൾ ഓരോ തവണയും ജേതാക്കളായി. പരാഗ്വെ ആറ് തവണയും ചിലി നാല് തവണയും രണ്ടാമതെത്തി.
ഇത്തവണ ശതാബ്ദി ടൂർണമെന്റായതിനാലാണ് ടീമുകളുടെ എണ്ണം 16 ആക്കിയത്. 2019ലെ അടുത്ത കോപ്പ അമേരിക്ക മുതൽ വീണ്ടും ടീമുകളുടെ എണ്ണം 12 ആകും.

Top