സ്വന്തം ലേഖകൻ
സോൾ: ലൈംഗിക ഉത്തേജന മരുന്നുകൾ ഔദ്യോഗിക വസതിയിൽ നിന്നു കണ്ടെത്തിയതിനെ തുടർന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് വിവാദത്തിൽ. ബ്ലൂഹൗസ് എന്നറിയപ്പെടുന്ന പ്രസിഡന്റിന്റെ വസതിയിൽ നിന്ന് 360ഓളം വയാഗ്ര ഗുളികകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. പ്രസിഡന്റിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
പ്രസിഡന്റിനെതിരെ പ്രതിപക്ഷാംഗം ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബ്ലൂഹൗസിൽ നിന്ന് ലൈംഗികോത്തേജന ഔഷധം കണ്ടെത്തിയത് ഇന്റർനെറ്റിലും വൻ ചർച്ചയായിരിക്കുകയാണ്. സ്വന്തം പാർട്ടിയിൽ നിന്നും പ്രതിപക്ഷത്ത് നിന്നും ഇംപീച്ച്‌മെന്റ് ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന പ്രസിഡന്റിന് വയാഗ്ര ഗുളികകൾ കണ്ടെത്തിയത് നാണക്കേടും തലവേദനയും ആയിരിക്കുകയാണ്. അഴിമതി ആരോപണത്തിന് പുറമെ ഉയർന്ന് വന്ന ലൈംഗിക വിവാദവും അവരെ കുഴയ്ക്കുകയാണ്.
അതേസമയം പ്രസിഡന്റിന്റെ ജീവനക്കാർക്ക് ആൾട്ടിറ്റിയൂഡ് സിക്ക്‌നസിന് വേണ്ടി വാങ്ങിയ ഗുളികകളാണ് ഇവയെന്നാണ് അവരുടെ ഓഫീസിന്റെ വാദം. വിമാന യാത്രയിലും വലിയ ഉയരങ്ങൾ താണ്ടുന്ന പർവതാരോഹകർക്കും ഉണ്ടാകുന്ന ആൾട്ടിറ്റിയൂഡ് സിക്ക്‌നസിനും വയാഗ്ര പോലുള്ള ഗുളികകൾ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ എത്യോപ്യ, ഉഗാണ്ട, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് സന്ദർശനം നടത്തിയിരുന്നു. ഈ യാത്രയുടെ ഭാഗമായി അദ്ദേഹത്തിന്റെ ജീവനക്കാർക്ക് വേണ്ടിയാണ് വയാഗ്ര ഗുളികകൾ വാങ്ങിയതെന്നാണ് ഓഫീസിന്റെ വാദം. ദക്ഷിണ കൊറിയയുടെ ആദ്യത്തെ വനിതാ പ്രസിഡന്റാണ് പാർക്ക്.