ജമാൽ ഖഷോഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചിട്ടുണ്ടാകുമെന്ന് തുർക്കി. ഖഷോഗി കൊല്ലപ്പെട്ട് ഒരുമാസം പിന്നിട്ടിട്ടും മൃതദേഹം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ എത്താനാകുന്ന നിഗമനം ഇതാണെന്ന് തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാന്റെ ഉപദേഷ്ടാവ് യാസിൻ അക്തായി പറഞ്ഞു.
കോൺസുലേറ്റിനുള്ളിൽവെച്ച് ഖഷോഗി കൊല്ലപ്പെട്ടെന്ന വിവരം സൗദി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ഒക്ടോബർ ഒമ്പതിനാണ് ഫോൺ സംഭാഷണം നടന്നത്. സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്ന ഖഷോഗി, ഒക്ടോബർ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിനുള്ളിൽ വധിക്കപ്പെട്ടത്. അതിനിടെ ഭീകരസംഘടനയായിരുന്ന മുസ്‌ലിം ബ്രദർഹുഡുമായി ഖഷോഗിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞുവെന്ന റിപ്പോർട്ടുകൾ യു.എസ്. മാധ്യമങ്ങൾ പുറത്തുവിട്ടു.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെദ് കുഷ്‍നർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് സൽമാൻ രാജകുമാരൻറെ പരാമർശമെന്ന് വാഷിങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ് എന്നീ യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.