ലാബില്‍ ജോലിക്കെത്തിയ വിദ്യാര്‍ത്ഥിനിയെ വസ്ത്രമഴിച്ചുപരിശോധിച്ചു; തുടയില്‍ സിറിഞ്ച് കുത്തികയറ്റി; നിര്‍ദ്ധന വിദ്യാര്‍ത്ഥിനിയോട് കൊടും ക്രൂരത

കോതമംഗലം: പിതാവ് മരണപ്പെട്ട നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിയോട് ലാബ് ഉടമ ചെയ്ത ക്രൂരത കേട്ടാല്‍ മനസാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ക്ക് ഞെട്ടലുണ്ടാകും. പഠിക്കാന്‍ പണം കണ്ടെത്താനാണ് പാര്‍ട് ടൈമായി സമീപത്തെ നീതി ലാബില്‍ ജോലിക്ക് ചേര്‍ന്നത്. എന്നാല്‍ ഈ ലാബിന്‍െ ഉടമസ്ഥന്‍ ഈ പെണ്‍കുട്ടിയെ മോഷണം കുറ്റം ചുമത്തി ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകകയാരുന്നു. അതേ സമയം പ്രതികള്‍ ഒളിവിലാണെന്ന് കേസന്വേഷണ ചുമതലയുളള കോതമംഗലം സി ഐ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. വാടക വീട് പൂട്ടി പ്രതി രക്ഷപ്പെട്ടിരിക്കുകയാണ്. ലാബ് കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും പോലീസ് അടപ്പിച്ചിരുന്നു.

പണം കാണാനില്ലെന്ന് കള്ളം പറഞ്ഞ് വസ്ത്രം അഴിപ്പിച്ച് പരിശോധിക്കുകയും സിറിഞ്ച് തുടയില്‍ കുത്തികയറ്റുകയും ചെയ്തതായി പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. കോതമംഗലം താലൂക്ക് ആശുപത്രിക്കുസമീപം പ്രവര്‍ത്തിച്ചുവരുന്ന നീതി ലാബ് ഉടമ നാസറിനെതിരെ ഇവിടത്തെ ജീവനക്കാരിയായ വെണ്ടുവഴി സ്വദേശിനിയാണ് പൊലീസില്‍ വിവരം നല്‍കിയിട്ടുള്ളത്. നവംബര്‍ 7 മുതലാണ് പെണ്‍കുട്ടി ലാബില്‍ ജോലിക്കു ചേര്‍ന്നത്. രാവിലെ 6.30 മുതല്‍ 10.30 വരെയായിരുന്നു ജോലിസമയം. ഫീസ് കൊടുക്കാന്‍ വഴിയില്ലാത്തതിനാലാണ് പഠനത്തിനൊപ്പം പെണ്‍കുട്ടി നാസറിന്റെ ലാബില്‍ പാര്‍ടൈം ജോലിക്കു ചേര്‍ന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ പിതാവ് മരണപ്പെട്ട നിര്‍ദ്ധനകുടുംബത്തിലെ അംഗമാണ് പെണ്‍കുട്ടി. മാതാവ് കൂലിവേല ചെയ്തുകിട്ടുന്ന പണം കൊണ്ടാണ് സ്വകാര്യ കോളേജില്‍ പഠനം നടത്തുന്ന ഈ പെണ്‍കുട്ടിയും സഹോദരിയുമുള്‍പ്പെടുന്ന കുടുംബം നിത്യവൃത്തി കഴിയുന്നത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ചുവടെ.
രാവിലെ എട്ടുമണിയോടെ ഇക്കാ അടുത്തുവന്ന് നീ പണം വല്ലതും എടുത്തിട്ടുണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ അകത്ത് സീസീ ടിവി കാമറ നിരീക്ഷണമില്ലാത്ത വേസ്റ്റ് സാധനങ്ങളിടുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നെ 26,000 രൂപ കാണാതായിട്ടുണ്ടെന്നും പണം നീയാണ് എടുത്തിട്ടുള്ളതെന്നും ഇതു കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും ഫെയ്സ് ബുക്കിലും വാട്സാപ്പിലും ഇത് ഇടുമെന്നും പറഞ്ഞു.

ഉടന്‍ പണം തിരികെ നല്‍കിയില്ലെങ്കില്‍ പൊലീസ് ഇവിടെ വന്ന് നിന്നെ വിലങ്ങുവച്ചുകൊണ്ടുപോകുമെന്നും ആയുഷ്‌കാലം പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഭീഷിണിപ്പെടുത്തി. അമ്മയുടെ സ്വഭാവശുദ്ധിയെക്കുറിച്ച് കേട്ടാലറയ്ക്കുന്ന കാര്യങ്ങള്‍ പറഞ്ഞു. കുടുംബക്കാരെ മൊത്തത്തിലും തെറിവിളിച്ചു. പണം എടുത്തിട്ടില്ലെന്നും നിരപരാധിയാണെന്നും പറഞ്ഞെങ്കിലും ഇക്ക വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടു. ഈ സമയം കൂടെ ജോലിചെയ്തിരുന്ന ചേച്ചിമാരും മുറിയിലുണ്ടായിരുന്നു. ഇക്കാ ഇങ്ങനെ ചോദിച്ചാല്‍ ഇവളൊന്നും പറയില്ലെന്നും കരണത്തിനടികൊടുത്ത് ചോദിക്കാനും ഇവര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ അടിച്ചോ, എന്തുകേസുവന്നാലും ഞാന്‍ നോക്കിക്കോളാമെന്നും ഇക്ക അവരോട് പറഞ്ഞു. അവരാരും തല്ലാന്‍ തയ്യാറായില്ല. ഇക്കാ നിര്‍ദ്ദേശിച്ചതനുസരിച്ച് അവര്‍ എന്റെ തുണിയഴിച്ച് പരിശോധിക്കുകയും ചെയ്തു.
വീണ്ടും പണം എടുത്തോ എന്ന് ഇക്ക ചോദിച്ചപ്പോള്‍ ഞാന്‍ നിഷേധിച്ചു. പിന്നെ കരണത്ത് മാറിമാറി അടിച്ചു. ഇതോടെ വല്ലാത്ത ഭയമായി. ഇക്കപറയുന്നത് സമ്മതിക്കുകയാണു നല്ലതെന്നും ഇല്ലെങ്കില്‍ പറയുംപോലെ പ്രവര്‍ത്തിക്കുന്ന ആളാണ് ഇക്കയെന്നും പറഞ്ഞ് കൂടെ ജോലി ചെയ്തിരുന്ന ചേച്ചിമാരും ഈയവസരത്തില്‍ ഭീഷണിപ്പെടുത്തി.

പണം എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ നീ കുറ്റം സമ്മതിച്ചാല്‍മാത്രം മതി, പണം തിരികെ തരേണ്ട എന്ന് ഇക്ക പറഞ്ഞു. സമ്മതിച്ചില്ലെങ്കില്‍ നിന്റെ പേരില്‍ കേസ് കൊടുത്ത് ജയിലിലടയ്ക്കുമെന്നും എസ്‌ഐ എന്റെ സുഹൃത്താണെന്നും പറഞ്ഞു. ഞാന്‍ വിചാരിച്ചാല്‍ ഒത്തിരികാര്യങ്ങള്‍ നടക്കും, ഇപ്പോള്‍ അഞ്ഞൂറ് കോടി രൂപയുടെ ഇടപാടിന് പോകുകയാണ്, നീ കാരണം അത് മുടങ്ങരുത്, എനിക്ക് വേഗം പോകണം. അതുകൊണ്ട് കുറ്റം സമ്മതിക്കണമെന്നും ഇക്ക പറഞ്ഞു.

ഇതിനിടയില്‍ ഇക്കായുടെ ഭാര്യയും മറ്റൊരു ചേച്ചിയും കൂടി ഞാന്‍ പഠിച്ചിരുന്ന നേഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി കൂട്ടുകാരികളോട് എന്നെപറ്റി തിരക്കി. കൂട്ടുകാരികളുടെ നമ്പറും വാങ്ങി. ഇത് ഇവര്‍ക്കാക്കെ നല്‍കി. ഇക്കാ എന്റെ മുമ്പില്‍ വച്ച് ഇവര്‍ ഓരോരുത്തരെയും വിളിച്ചു. അവരാരും എന്നെക്കുറിച്ച് മോശം പറഞ്ഞില്ല. പിന്നെ എന്റെ കൂട്ടുകാരിയുടെ വാപ്പായെ വിളിച്ചു. അദ്ദേഹം ലാബിലേക്ക് വരാമെന്നും പറഞ്ഞു.

വീട്ടില്‍ പോകണമെന്നു പറഞ്ഞ് കരഞ്ഞപ്പോള്‍ ശാരീരിക ബന്ധത്തിന് സമ്മതിച്ചാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്നും വീട്ടില്‍ വിടാമെന്നും ചെവിയില്‍ പറഞ്ഞു. ഇതുകേട്ടപ്പോള്‍ എന്റെ വിഷമവും ഭയവും ഒന്നുകൂടി വര്‍ദ്ധിച്ചു. ഏകദേശം മൂന്നുമണിയായപ്പോള്‍ ഇക്ക 5 രൂപയുടെ സിറിഞ്ചുമായി എന്റെ അടുത്തേക്കുവന്നു. മുഖം പൊത്തി ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി, തുടയില്‍ നീഡില്‍ കുത്തിയിറക്കി.

വീണ്ടും പണം എടുത്തിട്ടുണ്ടോ എന്ന് ചോദിച്ചു. തുടയില്‍ കുത്തിയിറക്കിയ നീഡില്‍ പല ഭാഗത്തേക്ക് ചലിപ്പിച്ചുകൊണ്ടായിരുന്നു ചോദ്യം ചെയ്യല്‍. വേദനകൊണ്ടു പുളയുകയായിരുന്നു ഞാന്‍. എന്തുവേണമെങ്കിലും സമ്മതിക്കാമെന്നുപറഞ്ഞപ്പോഴാണ് അയാള്‍ സിറിഞ്ച് ചുറ്റിക്കുന്നത് നിര്‍ത്തിയത്. വേദനയുടെ കാഠിന്യത്തില്‍ ഞാന്‍ പെട്ടെന്ന് കാല്‍ മാറ്റിയപ്പോള്‍ നീഡില്‍ ഒടിഞ്ഞു. പിന്നീട് തുരുമ്പിച്ച കത്തിയുമായി ഇക്ക മുറിയിലേക്ക് കടന്നുവന്ന് പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി. ഇതോടെ വല്ലാത്ത ഭയമായി.
പിന്നെ പണം എടുത്തിട്ടുണ്ടെന്നുകാട്ടി എന്നെക്കൊണ്ട് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഇക്ക എഴുതി ഒപ്പിട്ട് വാങ്ങി

എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതിയെന്നായിരുന്നു എന്റെ ചിന്ത. കിട്ടിയ ബസ്സിന് വേദന സഹിച്ച് വീട്ടിലെത്തി. വീട്ടില്‍ വിവരം അറിയിച്ചതോടെ അമ്മ എന്നെ കോതമംഗലം ഗവ. ആശുപത്രിയില്‍ എത്തിച്ചു. മറ്റെവിടെങ്കിലും കൊണ്ടുപോകാനായിരുന്നു ഇവിടെ നിന്നും നിര്‍ദ്ദേശിച്ചത്. പിന്നീട് മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയപ്പോഴും മടക്കിഅയച്ചു.തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചു.
ഇവിടെ നടത്തിയ ഓപ്പറേഷനില്‍ ഒടിഞ്ഞ നീഡില്‍ പുറത്തെടുത്തു. കുത്തേറ്റ ഭാഗത്ത് മൂന്നു തുന്നല്‍ ഇടേണ്ടി വന്നു. മുറിവ് കരിയാത്തതിനാല്‍ ഇപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടുണ്ട്.

Top