കോട്ടയത്ത് അട്ടിമറി: യുഡിഎഫിനെ മാണി അട്ടിമറിച്ചു; സഖറിയാസ് കുരിതവേലി സിപിഎം പിൻതുണയോടെ പ്രസിഡന്റ്

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: ജില്ലാ പഞ്ചായത്തിലേയ്ക്കു നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം പിൻതുണയോടെ കേരള കോൺഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി പ്രസിഡന്റായി. എട്ടിനെതിരെ പന്ത്രണ്ട് വോട്ടുകൾക്കായി സഖറിയാസ് കുതിരവേലി പ്രസിഡന്റായത്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സണ്ണി പാമ്പാടിയ്ക്കു എട്ട് വോട്ട് ലഭിച്ചു. സിപിഐ അംഗം വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നപ്പോൾ, ഒരു വോട്ട് അസാധുവായി.
ഇന്ന് രാവിലെ വരെ നീണ്ടു നിന്ന അനുരഞ്ജന നയങ്ങലെല്ലാം അട്ടിമറിച്ചാണ് കേരള കോൺഗ്രസ് എം സ്വന്തം സ്ഥാനാർഥിയെ മത്സര രംഗത്തിറക്കിയത്.
22 അംഗ ജില്ലാ പഞ്ചായത്തിൽ ഒരു സിപിഐയുടെയും കോൺഗ്രസ് എസിന്റെയും അടക്കം എട്ട് അംഗങ്ങളാണ് ഇടതു മുന്നണിയ്ക്കുള്ളത്. കേരള കോൺഗ്രസിനു ആറ് അംഗങ്ങളും ജില്ലാ പഞ്ചായത്തിലുണ്ട്. എട്ട് അംഗങ്ങൾ മാത്രമാണ് കോൺഗ്രസിനുള്ളത്. കേരള കോൺഗ്രസ് യുഡിഎഫിന്റെ ഭാഗമായിരുന്നതിനാലാണ് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം നടത്തിയിരുന്നത്. നിലവിൽ കേരള കോൺഗ്രസിന്റെ മേരി സെബാസ്റ്റിയനാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.
യുഡിഎഫുമായി ഇടഞ്ഞ് ഒറ്റയ്ക്കു നിൽക്കുന്ന കേരള കോൺഗ്രസിനെ ഒപ്പം കൂട്ടാൻ കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു വച്ച് കർഷക കൂട്ടായ്മ രൂപീകരിച്ചിരുന്നു. പി.സി തോമസിന്റെയും പി.സി ജോർജിന്റെയും കേരള കോൺഗ്രസുകൾ ഒഴികെയുള്ള എല്ലാ പ്ാർട്ടികളും കർഷക കൂട്ടായ്മയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇടതു മുന്നണിയിലേയ്ക്കുള്ള പാലമായി കർഷക കൂട്ടായ്മയെ ഉപയോഗിക്കുകയാണ് കേരള കോൺഗ്രസ് മാണി വിഭാഗം ലക്ഷ്യമിടുന്നത്. ഇതിനുള്ള ആദ്യ പരീക്ഷണ വേദിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറുകയും ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഫിലിപ്പ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായതോടെയാണ് കോൺഗ്രസിനു പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടെത്തേണ്ടി വന്നത്. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം സണ്ണി പാമ്പാടിയ്ക്കാണ് ഇനി പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടത്. മുൻ ധാരണ പ്രകാരം കഴിഞ്ഞ ആഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോഷി ഫിലിപ്പ് രാജി വയ്ക്കുകയും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top