നീണ്ടൂർ: സാധാരണക്കാരായ വീട്ടമ്മമാർക്ക് കുടുംബത്ത് സമാധാനമുണ്ടാകണമെങ്കിൽ യു.ഡി.എഫ് തന്നെ അധികാരത്തിൽ എത്തണമെന്നു ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് പറഞ്ഞു.
നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കൊലപാതകങ്ങൾ ഇല്ലായിരുന്നു.
രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി നൽകിയിരുന്നു. ഓരോ കൊലപാതകവും ഓരോ കുടുംബത്തെയാണ് അനാഥമാക്കുന്നത്. ഓരോ അമ്മമാരെയും വിധവയാക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ കൊലപാതകത്തിന്റെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ബാറുകൾ അടച്ചു പൂട്ടി. ഇതോടെ സംസ്ഥാനത്ത് മദ്യ നിരോധനം പ്രാബല്യത്തിൽ വന്നു. വീടുകളിലും കുടുംബങ്ങളിലും സമാധാനമുണ്ടായിരുന്നു. എന്നാൽ, ബാർ മുതലാളിമാരുടെ ഇടതു സർക്കാർ അധികാരം ഏറ്റതോടെ സംസ്ഥാനത്ത് വീട്ടമ്മമാരുടെ സമാധാനം പോയതായും അദ്ദേഹം പറഞ്ഞു.