കോട്ടയം: മാർക്കറ്റിനുള്ളിലെ റോഡിൽ കുഴഞ്ഞു വീണയാളുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. റോഡിൽ ചുഴലി വന്നു കുഴഞ്ഞു വീണയാൾ സ്വകാര്യ ബസിനടിയിലേയ്ക്കു വീഴുകയായിരുന്നുവെന്നാണ് സംശയം. എന്നാൽ, ഇയാൾ ബസിനടിയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നു സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു.
ഇന്നു രാവിലെ ഒൻപതു മണിയോടെ കോട്ടയം നഗരത്തിൽ മാർക്കറ്റിനുള്ളിൽ എം.എൽ റോഡിലുണ്ടായ അപകടത്തിൽ കോട്ടയം ചന്തക്കടവിൽ തടത്തിപ്പറമ്പ് ഭാഗത്ത് ബേബിയുടെ മകൻ രാജേഷാ(കുഞ്ഞുകൊച്ച് – 40)ണ് മരിച്ചത്.
എം.എൽ റോഡിൽ ഷാപ്പിനു മുന്നിലെ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന രാജേഷ് എഴുന്നേൽക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി സ്വകാര്യ ബസിനടിയിലേയ്ക്കു വീഴുകയായിരുന്നുവെന്നു സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
രാജേഷ് മറിഞ്ഞു വീണ സമയത്ത് റോഡിലൂടെ എത്തിയ കോട്ടയം – കോളനി റൂട്ടിൽ സർവീസ് നടത്തുന്ന സാൽവിയ ബസ് രാജേഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഇയാൾ റോഡിൽ വീഴുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചു. എന്നാൽ, ബസിന്റെ പിൻചക്രങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ ശേഷമാണ് നിന്നത്.
കഴിഞ്ഞ ദിവസവും സമാന രീതിയിൽ കാൽ വഴുതി വീണ് രാജേഷിന്റെ തലപൊട്ടിയിരുന്നു. ഇയാളുടെ തലയിൽ ഇതിന്റെ ഭാഗമായി എട്ടു തുന്നിക്കെട്ടലുകളും ഉണ്ട്. ചുഴലിയുടെ അസ്വസ്ഥതകളും പ്രമേഹത്തെ തുടർന്നുള്ള ബലക്കുറവുമുള്ള രാജേഷ് എപ്പോഴും അസ്വസ്ഥനായിരുന്നു.
അപകടത്തെ തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ്, അഗ്നിരക്ഷാ സേനയുടെ ആംബുലൻസ് വിളിച്ചു വരുത്തിയാണ് മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ തുടർന്നു, എം.എൽ റോഡിൽ ഗതാഗതം തടസപ്പെട്ടു. അവിവാഹിതനായ രാജേഷ് എം.എൽ റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് പതിവാണ് എന്നു പൊലീസ് അറിയിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.