കോട്ടയം ജില്ലയിൽ ദുരന്തമായി ബി.ജെ.പി…! ഒറ്റ തിരഞ്ഞെടുപ്പുകൊണ്ടു ചോർന്നത് ഒരു ലക്ഷം വോട്ട്; ജില്ലയിലെ ഒൻപത് മണ്ഡലത്തിലും ബി.ജെ.പിയ്ക്കു വോട്ടു കുറഞ്ഞു; പൂഞ്ഞാറിൽ എൻ.ഡി.എ സ്ഥാനാർത്ഥിയ്ക്ക് കെട്ടിവച്ച കാശ് പോലും കിട്ടിയില്ല

കോട്ടയം: ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിൽ എട്ടു നിലയിൽപൊട്ടി ബി.ജെ.പി. മണ്ഡലത്തിൽ ഒരിടത്തു പോലും കഴിഞ്ഞ തവണത്തേതിൽ നിന്നും ഒരു വോട്ട് പോലും ബി.ജെ.പിയ്ക്കു വർദ്ധിപ്പിക്കാൻ ആയില്ലെന്നു മാത്രമല്ല, ഒരിടത്തു പോലും കഴിഞ്ഞ തവണത്തെ വോട്ട് പോലും നിലനിർത്താനും സാധിച്ചില്ല. വലിയ പരാജയം നേരിട്ട ബി.ജെ.പി നേതൃത്വത്തെ ഇനി കാത്തിരിക്കുന്നത് എന്താവുമെന്നാണ് കേരളം കാത്തിരിക്കുന്നത്.

ജില്ലയിൽ വൻ തിരിച്ചടിയാണ് ബി.ജെ.പിയ്ക്കും, ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണിയ്ക്കും ഉണ്ടായത്. ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് പൂഞ്ഞാർ നിയോജക മണ്ഡലത്തിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 18000 ത്തോളം വോട്ടുകളാണ് ബി.ജെ.പി – ബി.ഡി.ജെ.എസ് സഖ്യ സ്ഥാനാർത്ഥിയായി മത്സരിച്ച എം.ആർ ഉല്ലാസിനു ലഭിച്ചത്. എന്നാൽ, മുന്നണിയിലെ തർക്കങ്ങളെ തുടർന്നു ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി രംഗത്ത് എത്തിയ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി സെന്നിന്റെ സ്ഥിതി അതീവ ഗുരുതരമായി മാറി. നാലാം സ്ഥാനത്തായി പോയ എം.പി സെന്നിന് 2965 വോട്ടു മാത്രമാണ് കിട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം നിയോജക മണ്ഡലത്തിലാണ് സ്ഥിതി ഏറെ മോശമായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടായിരത്തിലധികം വോട്ടാണ് ബി.ജെ.പി സ്ഥാനാർത്ഥിയ്ക്ക് ഇവിടെ ലഭിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിനടുത്ത് വോട്ട് എത്തിയപ്പോൾ, തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കാൽ ലക്ഷം കടന്നു വോട്ട് നില. എന്നാൽ, 8611 വോട്ട് മാത്രമാണ് ഇക്കുറി നിയോജക മണ്ഡലത്തിൽ ബി.ജെ.പിയ്ക്കു ലഭിച്ചത്.

കാൽ ലക്ഷത്തോളം ഉറച്ച വോട്ടുകളുള്ള പാലായിൽ 10869 വോട്ടും, ജില്ലാ പ്രസിഡന്റ് എൻ.ഹരി തന്നെ മത്സരിച്ച പുതുപ്പള്ളിയിൽ 11694 വോട്ടും മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 15000 വോട്ടും, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതിനായിരം വോട്ടുമായിരുന്നു പുതുപ്പള്ളിയിൽ ബി.ജെ.പി നേടിയത്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസ് 27000 വോട്ട് നേടിയ ഏറ്റുമാനൂരിൽ ഇക്കുറി 13746 വോട്ടാണ് ബി.ജെ.പി സ്ഥാനാർത്ഥി ടി.എൻ ഹരികുമാറിനു ലഭിച്ചത്.

2016 ൽ കാൽ ലക്ഷം കടന്ന ബി.ഡി.ജെ.എസിന്റെ വോട്ട് ഇക്കുറി വൈക്കം നിയോജക മണ്ഡലത്തിൽ 11953 ആയി കുറഞ്ഞു. ചങ്ങനാശേരിയിൽ എൻ.എസ്.എസിന്റെ പിൻതുണയുണ്ടായിട്ടുകൂടി, 14491 വോട്ട് മാത്രമാണ് ബി.ജെ.പിയ്ക്കു നേടാനായത്. കടുത്തുരുത്തിയിൽ 11670 വോട്ടും, കാഞ്ഞിരപ്പള്ളിയിൽ 29157 വോട്ടുമാണ് ബി.ജെ.പിയ്ക്ക് നേടാനായത്. കഴിഞ്ഞ തവണതിന്റെ അടുത്തെങ്കിലും വോട്ട് ലഭിച്ചത് കാഞ്ഞിരപ്പള്ളിയിൽ മാത്രമാണ്.

പാർട്ടിയിൽ അതിരൂക്ഷമായ ഗ്രൂപ്പ് രാഷ്ട്രീയമാണ് ബി.ജെ.പിയെ ജില്ലയിൽ പിന്നോട്ടടിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഒരു ഘട്ടത്തിലും പാർട്ടിയെ മുന്നിലേയ്ക്കു നയിക്കാൻ ജില്ലയിലെ നേതൃത്വത്തിനായില്ലെന്നും അതിരൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.

Top