സീതത്തോട്: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് ജന്മനാട്ടിൽ ആവേശോജ്ജ്വല സ്വീകരണം. ചിറ്റാറിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരത്തോടെ ജന്മനാട്ടിലെത്തിയ ജനീഷ് കുമാറിനെ നാട്ടുകാരും കർഷകരും കോലിഞ്ചി സമ്മാനിച്ചും കോലിഞ്ചിമാലയും പുഷ്പമാലയും ചാർത്തിയാണ് വരവേറ്റത്. സബ്സിഡി ലഭ്യമാക്കിയ ജനീഷ് കുമാറിനെ ആലിംഗനം ചെയ്തുകൊണ്ട് സ്വീകരണ വേദിയിലെത്തിയ കർഷകർ സ്നേഹം പ്രകടമാക്കി. മൂന്നുകല്ലിൽ എത്തിയപ്പോൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നാട്ടുകാർ വരവേറ്റത്.
അവിടെ നിന്ന് യുവതീ-യുവാക്കളുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ യാത്ര തുടർന്നു. പുഷ്പാഭിഷേകം നടത്തിയും കുട്ടയിൽ പഴങ്ങൾ സമ്മാനിച്ചും പൂക്കൾ നൽകിയുമാണ് വിവിധയിടങ്ങളിൽ പ്രവർത്തകരും നാട്ടുകാരും സ്ഥാനാർത്ഥിയെ വരവേറ്റത്. വഴിയോരങ്ങളിൽ പൂക്കളുമായി വിജയാശംസനേരുവാൻ നിരവധി പേർ കാത്തുനിൽപ്പുണ്ടായിരുന്നു. കാത്തു നിന്നവർക്ക് ഹസ്തദാനം നൽകാനും വോട്ടഭ്യർത്ഥിക്കാനും സ്ഥാനാർത്ഥി മറന്നില്ല.
രാവിലെ ചിറ്റാർ പഞ്ചായത്തിലെ കുടപ്പനയിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ജി മുരളീധരൻ, റ്റി.കെ സജി, എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ റ്റി.എസ് രാജു, എംഎസ് രാജേന്ദ്രൻ, സജീഷ് കുമാർ, ശ്രീജിത്ത്, ചിറ്റാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രവികല എബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിജി മോഹൻ, നബിസത്ത് ബീവി തുടങ്ങിയവർ നേതൃത്വം നൽകി. ചിറ്റാറിൽ അനുവദിച്ച ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി, കോലിഞ്ചി കർഷകർക്ക് അനുവദിച്ച സബ്സിഡി തുടങ്ങി ഒന്നര വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു വോട്ടഭ്യർത്ഥന.
കട്ടച്ചിറ നീലിപ്പിലാവ്, വില്ലൂന്നിപ്പാറ,ബഞ്ചമിൻപാറ, ആനപ്പാറ, ചിറ്റാർ ബസ് സ്റ്റാൻഡ്,കുമരംകുന്ന്, മുക്കൻ പാറപ്പടി, ആലിമുക്ക്, അഞ്ചേക്കർ ,തെക്കേക്കര വഴി ചിറ്റാർ ടൗണിൽ എത്തിയാണ് ചിറ്റാർ മേഖലയിലെ പര്യടനം അവസാനിച്ചത്. ഉച്ചയ്ക്ക് ശേഷം സീതത്തോട്ടിലെ മൂന്ന്കല്ല്,സീതക്കുഴി,ഗുരുനാഥൻ മണ്ണ്, കോട്ടക്കുഴി,വട്ടമലപ്പടി, വാലുപാറ പളളിപ്പടി, ഉറുമ്പിനി, അള്ളുങ്കൽ എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി എട്ട് മണിയോടെ ആങ്ങമൂഴിയിൽ പര്യടനം സമാപിച്ചു.
സ്ഥാനാർത്ഥിക്കൊപ്പം എൽഡിഎഫ് സീതത്തോട് മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റ് ബീന മുഹമ്മദ് റാഫി,എൽഡിഎഫ് സീതത്തോട് മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ജോബി റ്റി ഈശോ, കെ കെ മോഹനൻ, റ്റി.എ നിവാസ് ,സീതത്തോട് മോഹനൻ, ഷാനു സലിം ,ജേക്കബ് വളയംപള്ളി,എൽഡിഎഫ് ആങ്ങമൂഴി മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റ് പി.ജെ തോമസ്,എൽഡിഎഫ് ആങ്ങമൂഴി മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.ആർ പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.