കോട്ടയം: ഒന്നര മാസത്തിനു ശേഷം കോട്ടയം നഗരസഭയിൽ വീണ്ടും തിരഞ്ഞെടുപ്പ് മേളം. യുഡിഎഫ് സ്ഥാനാർത്ഥിയായി ബിൻസി സെബാസ്റ്റ്യനും, എൽഡിഎഫ് സ്ഥാനാർത്ഥിയായി ഷീജ അനിലും, ബിജെപി സ്ഥാനാർത്ഥിയായി റീബ വർക്കിയും മത്സരിക്കും. മൂന്ന് മുന്നണികളും ഇതിനോടകം തന്നെ മെമ്പർമാർക്ക് വിപ്പ് നൽകി.
നഗരസഭ അധ്യക്ഷയായിരുന്ന ബിൻസി സെബാസ്റ്റ്യനെതിരെ ഇടതു മുന്നണി കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായത്.
എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന് ബിജെപി പിന്തുണ നൽകിയത് വിവാദമായിരുന്നു.അതിനാൽ ബിജെപിയുടെ പിന്തുണ നേടി തങ്ങൾ ഭരണത്തിന് ശ്രമിക്കില്ലായെന്ന് ഇതിനകം എൽഡിഎഫ് വ്യക്തമാക്കി കഴിഞ്ഞു.
ബിൻസിയെ തന്നെ വീണ്ടും യുഡിഎഫ് സ്ഥാനാർത്ഥിയായി കഴിഞ്ഞ ദിവസമാണ് നിശ്ചയിച്ചത്. കഴിഞ്ഞ തവണയും ഷീജയായിരുന്നു എതിർ സ്ഥാനാർത്ഥി. ഒരു മാസത്തോളമായി വൈസ് ചെയർമാൻ ബി.ഗോപകുമാർ നഗരസഭയുടെ ആക്ടിംഗ് ചെയർമാനായി ചുമതല വഹിക്കുകയാണ്.