കോട്ടയത്ത് കൈക്കൂലിക്കാരായ മൂന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; സസ്‌പെന്റ് ചെയ്തത് വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കൈക്കൂലി വാങ്ങിയത് ഗൂഗിൾ പേ വഴി; മൂന്ന് എ.എം.വിഐമാർക്ക് എതിരെയും ഏജന്റിനെതിരെയും കേസ്

കോട്ടയം: ജില്ലാ വിജിലൻസിന്റെ മിന്നൽ പരിശോധയിൽ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ. കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർടി ഓഫിസിലെ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷാജൻ വി, അനിൽകുമാർ എം.ആർ, അജിത് ശിവൻ എന്നിവരെ സസ്‌പെന്റ് ചെയ്തു. ഇത് കൂടാതെ ഏജന്റ് രാജിവനെയും, മൂന്ന് എ.എം.വിഐമാരെയും പ്രതിയാക്കി വിജിലൻസ് കേസും രജിസ്റ്റർ ചെയ്തു.

സംസ്ഥാന വ്യാപകമായി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസം 20 ന് നടത്തിയ ഓപ്പറേഷൻ ഓവർ ലോഡ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എം.സി റോഡിൽ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ കണ്ടെത്തിയത്. ഈ വാഹനങ്ങളിൽ അമിത വേഗത്തിൽ പോകുന്നത് പിടികൂടാതിരിക്കാൻ ഓരോ വാഹനത്തിനും 7500 രൂപ വീതം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരത്തിൽ മൂന്നു പേരും ചേർന്ന് ഏജന്റായ രാജീവൻ വഴി ആറരലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. മൂന്നു പേർക്കും കൈക്കൂലി നൽകിയതിന്റെ കണക്കുകൾ വിജിലൻസ് സംഘം രാജീവന്റെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് അടക്കമുള്ള വിവരങ്ങൾ ചേർത്താൻ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്പി വി.ജി വിനോദ്കുമാർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്താണ് ഇവരെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറക്കിയത്.

തുടർന്നു കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തി, അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

Top