മുളന്തുരുത്തി: തീവണ്ടി യാത്രയ്ക്കിടയില്‍ താന്‍ ഐ.എ.എസ്. ട്രെയിനിയാണെന്നു പറഞ്ഞ് പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍.
ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടില്‍ മുഹമ്മദ് അജ്മല്‍ ഹുസൈന്‍ (28) ആണ് മുളന്തുരുത്തി പോലീസിന്റെ പിടിയിലായത്.
തീവണ്ടി യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അരയന്‍കാവ് സ്വദേശിനിയോട് താന്‍ മസൂറിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ട്രെയിനിങ്ങിലാണെന്നാണ് അജ്മല്‍ ഹുസൈന്‍ പറഞ്ഞത്.
യുവതിയുമായി അടുപ്പത്തിലായ ശേഷം വിവാഹ വാഗ്ദാനവും നല്‍കി. പിന്നീട് പഠനാവശ്യത്തിനെന്നു പറഞ്ഞ് പല തവണകളിലായി 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
പണം യുവതിയുടെ അച്ഛന്റെ അക്കൗണ്ടില്‍നിന്നാണ് ഇയാളുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. ഇയാള്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവയ്ക്കുകയും ചെയ്തു.