കോട്ടയം: കറുകച്ചാലിൽ യുവാവിനെ വെട്ടിക്കൊന്നു. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വിവാഹം ക്ഷണിക്കാത്തതിന്റെ പേരിൽ സെബാസ്റ്റ്യന്റെ വീടിനു നേരെ കൊല്ലപ്പെട്ട ബിനു കല്ലെറിയുകയും വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽ വച്ച് വഴക്കു പറയുകയും ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ബിനുവിൻ്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. വെട്ടേറ്റു കിടന്ന ബിനുവിനെ സുഹൃത്താണ് കണ്ടത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാത്രി ഒൻപതു മണിയോടെ റബ്ബർ തോട്ടത്തിനു സമീപമാണ് സംഭവം. വിഷ്ണുവും സെബാസ്റ്റ്യനും ചേർന്ന് വടിവാളുകൊണ്ട് ബിനുവിനെ വെട്ടിവീഴ്ത്തുകയായിരുന്നു.