കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ഇടതുകൈ നഷ്ടപ്പെട്ട യുവാവിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം. കോട്ടയം തിരുവാതുക്കൽ കൊച്ചുപറമ്പിൽ അബ്ദുൾ സലാം മകൻ മുനീറി(26)നാണ് 61ലക്ഷം രൂപ നഷ്ടപരിഹാരം നൽകികൊണ്ട് കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബൂണൽ ജഡ്ജി എൽസമ്മ ജോസഫ് പി. ഉത്തരവിട്ടത്.
2018 ഒക്ടോബർ 13ന് മുനീർ സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് പി.എസ്.സി പരീക്ഷക്കായി പോകുമ്പോഴായിരുന്നു അപകടം. തിരുവാതുക്കൽ നിന്ന് കുമരകത്തേക്ക് ബൈക്ക് ഓടിച്ചു പോകുമ്പോൾ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ടോറസ് ലോറി ഡ്രൈവർക്കെതിരെ കുമരകം പോലീസ് കേസെടുത്തിരുന്നു. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്‍റായും ഡാറ്റാ എൻട്രി ഓപ്പറേറ്ററായും ജോലി ചെയ്യുകയായിരുന്നു മുനീർ.
അപകടത്തെ തുടർന്ന് നഷ്ടപരിഹാരത്തിനായി മുനീർ കോട്ടയം മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബുണലിൽ ഫയൽ ചെയ്ത കേസിലാണ് കോടതി ചെലവും പലിശയും ഉൾപ്പെടെ 61 ലക്ഷം രൂപ മുനീറിന് നഷ്ടപരിഹാരം നൽകാൻ ലോറിയുടെ ഇൻഷ്വറൻസ് കമ്പനിയോട് കോടതി ഉത്തരവിട്ടത്. ഹർജിക്കാരനു വേണ്ടി അഡ്വ.വി.ബി. ബിനു, അഡ്വ.സി.എസ്. ഗിരിജ എന്നിവർ ഹാജരായി.