കുറവിലങ്ങാട്: ആറു വര്‍ഷം മുമ്പ് വൈറലായ വീഡിയോയിലൂടെ ലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച അന്നമ്മച്ചി യാത്രയായി. ഉഴവൂര്‍ ചക്കാലപടവില്‍ അന്നമ്മ തോമസാ(92)ണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം.
കേള്‍വിക്കുറവുള്ള ഭര്‍ത്താവ് തോമസുമായി സംസാരിച്ചിരിക്കവെ ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തിനിടെ അമ്മച്ചി പറഞ്ഞ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിക്കാത്തവരില്ല.
വീടിന്റെ മുന്നിലിരുന്ന് ഭര്‍ത്താവിനോട് െതെയുടെ ചോട്ടില്‍ വളമിടണമെന്ന് അന്നമ്മ പറഞ്ഞിട്ടും ഭര്‍ത്താവിനത് കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഇതു വീണ്ടും പറഞ്ഞിട്ടും വീണ്ടും അദ്ദേഹം കേട്ടില്ല. ‘എന്നാ തരാമെന്ന പറഞ്ഞത്, കുടയോ’ എന്നായി തിരിച്ച് അദ്ദേഹത്തിന്റെ ചോദ്യം. ഇതോടെ അല്‍പ്പം ദേഷ്യത്തില്‍ ‘കുടയല്ല, വടി’ എന്ന് അന്നമ്മച്ചി പറയുകയായിരുന്നു.
മകള്‍ ചിന്നമ്മയുടെ മകള്‍ ബിനി ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ഈ സംഭാഷണ രംഗം വീഡിയോയെടുത്ത് സാമൂഹിക മാധ്യമത്തിലിടുകയായിരുന്നു. വീഡിയോ നടന്‍ ജഗതി ശ്രീകുമാര്‍ കണ്ട് ചിരിക്കുന്ന വീഡിയോയും വൈറലായിരുന്നെന്ന് അന്നമ്മയുടെ മൂത്ത മരുമകന്‍ കുര്യന്‍ നെല്ലാമറ്റവും അറിയിച്ചിട്ടുണ്ട്.
മക്കളെല്ലാം അമേരിക്കയിലായതിനാല്‍ ദമ്പതികള്‍ അമേരിക്കയും സന്ദര്‍ശിച്ചിട്ടുണ്ട്. ചൊവാഴ്ച നാലിന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍ സംസ്‌കാരം നടത്തും.