കോട്ടയം പ്രസ്‌ക്ലബ് യുഡിഎഫ് ക്ലബ്ബായി: യുഡിഎഫിനും മന്ത്രി തിരുവഞ്ചൂരിനു വേണ്ടി ലക്ഷങ്ങൾ കൈപ്പറ്റി പ്രസ്‌ക്ലബ് ഭാരവാഹികളുടെ വിടുപണി

കോട്ടയം: മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നിഷ്പക്ഷരാകണമെന്നാണ് വ്യവസ്ഥ. എന്നാൽ, കോട്ടയത്തെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർക്കും, മാധ്യമ മേധാവിമാർക്കും യൂണിയൻ നേതാക്കൾക്കും പണം കാണുമ്പോൾ നിഷ്പക്ഷത നഷ്ടമാകുമെന്നതാണ് ചട്ടം. പെയ്ഡ് ന്യൂസിന്റെ പേരിൽ മാധ്യമങ്ങൾക്കു നോട്ടീസ് അയക്കുന്ന ജില്ലാ കലക്ടറുടെ സംഘവും ഇതൊന്നും കണ്ടതായി പോലും നയിക്കുന്നില്ല.

സർക്കാരിന്റെ ഫണ്ടും പ്രസ്‌ക്ലബിന്റെ പ്രവർത്തനഫണ്ടും ഉപയോഗിച്ചു നിർമിച്ച പുതിയ പ്രസ്‌ക്ലബ് കെട്ടിടം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ഉപയോഗിക്കുന്നതിനാണ് ഇപ്പോൾ ഒരു സംഘം പ്രസ്‌ക്ലബ് ഭാരവാഹികൾ ശ്രമിക്കുന്നത്. ഇതിനായി പത്തു മുതൽ ഇരുപതു ലക്ഷം രൂപ വരെ പ്രസ്‌ക്ലബ് ഭാരവാഹികൾക്കു നൽകിയിട്ടുണ്ടെന്നാണ് വിവരം. ദേശാഭിമാനിയിലെ ബ്യൂറോചീഫ് ആയ പ്രസ്‌ക്ലബ് പ്രസിഡന്റിനെ മാറ്റി നിർത്തിയാണ് കഴിഞ്ഞ ദിവസം ലക്ഷങ്ങൾ കൈപ്പറ്റി പ്രസ്‌ക്ലബ് മന്ദിരം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വികസന നേട്ടമാണെന്ന പ്രചാരണം നടത്താൻ ഷൂട്ട് ചെയ്യാൻ വിട്ടു നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഞായറാഴ്ച വൈകിട്ട് നേരത്തെ തന്നെ പ്രസ്‌ക്ലബ് അടയ്ക്കും. പിന്നെ, ചില പ്രസ്‌ക്ലബ് ഭാരവാഹികളുടെ സുഹൃത്തുക്കളുടെയും മദ്യപാന സദസ് അരങ്ങേറുന്നത് ഇവിടെയാണെന്ന സംസാരം നേരത്തെ തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് ഞായഴാറ്ച രാത്രി എട്ടരയോടെ മറ്റാരുമറിയാതെ ചില പ്രസ്‌ക്ലബ് സെക്രട്ടറിയും ചില ഭാരവാഹികളും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരസ്യചിത്രം ഷൂട്ട് ചെയ്യാൻ കോട്ടയം പ്രസ്‌ക്ലബ് വിട്ടു നൽകിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പണം അനുവദിച്ചാണ് പ്രസ്‌ക്ലബിനു പുതിയ കെട്ടിടം നിർമിച്ചത്. ഇതിനു സ്ഥലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്ത തിരുവഞ്ചൂർ റവന്യു വകുപ്പ് ഭരിച്ചിരുന്ന കാലത്തായിരുന്നു താനും. ഇതാണ് ഇപ്പോൾ തിരുവഞ്ചൂരിനു വേണ്ടി വിടുപണി ചെയ്യാൻ പ്രസ്‌ക്ലബ് ഭാരവാഹികൾ പണം കൈപ്പറ്റിയതിനു പിന്നിൽ. ഇതു മാത്രമല്ല എല്ലാ പത്രങ്ങളിലും തിരുവഞ്ചൂർ അനൂകൂല വാർത്തകൾ വരുന്നതിനു ഇവർ അച്ചാരം വാങ്ങുകയും ചെയ്തിട്ടുണ്ട്.

 
പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ റിബൽ സ്ഥാനാർഥിയായി മത്സരിക്കാനെത്തിയ കേരള കോൺഗ്രസ് സ്ഥാനാർഥിയെ പത്രസമ്മേളനം നടത്താൻ അനുവദിക്കാതെ മാറ്റി നിർത്താൻ ചില പ്രസ്‌ക്ലബ് ഭാരവാഹികൾ ശ്രമിച്ചത് കഴിഞ്ഞ ആഴ്ച വിവാദമായിരുന്നു. പ്രസ്‌ക്ലബിൽ പത്രസമ്മേളനം നടത്താതെ പുറത്തു വച്ച് ഈ കേരള കോൺഗ്രസ് നേതാവിന്റെ അഭിമുഖം എടുത്ത റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർക്ക് പ്രസ്‌ക്ലബ് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. കേരള കോൺഗ്രസിന്റെ റിബൽ സ്ഥാനാർഥിയെ മത്സര രംഗത്തു നിന്നു പിന്മാറ്റുന്നതിനായി പ്രസ്‌ക്ലബ് ഭാരവാഹികളുടെ മധ്യസ്ഥതതയിൽ ചർച്ചകൾ നടത്താനൊരുങ്ങുന്നതിനിടെയാണ് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഇടപെട്ട് അഭിമുഖം നടത്തി പ്രശ്‌നം വഴിതിരിച്ചു വിട്ടത്. ഇതാണ് പ്രസ്‌ക്ലബ് ഭാരവാഹികളെ ചൊടിപ്പിച്ചത്.

 
പുതുപ്പള്ളിയിലെ ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസിനു അനുകൂലമായി എഴുതിയ കേരള കൗമുദി ബ്യൂറോ ചീഫിനെതിരെ പെയ്ഡ് ന്യൂസ് ആരോപിച്ചു ജില്ലാ കലക്ടർ നോട്ടീസ് അയച്ചിട്ടും കാര്യമായ പ്രതിഷേധമൊന്നും ജില്ലയിലെ പ്രസ്‌ക്ലബിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. മാത്രമല്ല ഈ വാർത്ത ദേശാഭിമാനി ഒഴികെ ജില്ലയിലെ മറ്റൊരു പത്രവും നൽകാതിരിക്കുന്നതിനും പ്രസ്‌ക്ലബിന്റെ ഇടപെടലും ഉണ്ടായിരുന്നു. ഇതോടൊപ്പം ചാനൽക്യാമറാമാൻമാരെ കയ്യേറ്റം ചെയ്ത മന്ത്രി തിരുവഞ്ചൂരിനെതിരെ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിൽ വിരലിലെണ്ണാവുന്ന പ്രസ്്ക്ലബ് ഭാരവാഹികൾ മാത്രമാണ് പ്രതിഷേധിക്കാൻ എത്തിച്ചേർന്നത്.

Top