കോട്ടയം:
നഗരമധ്യത്തിൽ പട്ടാപ്പകൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മാല മോഷ്ടിച്ച സംഭവത്തിൽ പൊലീസിന് സംഭവിച്ചത് വൻ വീഴ്ച. നഗരമധ്യത്തിൽ ആവശ്യത്തിന് പൊലീസ് സാന്നിധ്യമില്ലാതിരുന്നതാണ് ബൈക്കിലെത്തിയ മോഷ്ടാക്കൾ പട്ടാപ്പകൽ മോഷണം നടത്തിയ ശേഷം അതിവേഗം രക്ഷപെടാൻ ഇടയാക്കിയത്. കോട്ടയം നഗരത്തിൽ ഏറെ തിരക്കേറിയ സമയത്ത് സംഘം മോഷണം നടത്തി മടങ്ങിയെന്നുള്ള വിവരം പുറത്തു വന്നത് പൊലീസിനു വലിയ നാണക്കേടായി മാറിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 9.45ഓടെയാണ് കോട്ടയം നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ ഭീമാ ജുവലറിയ്ക്കു മുന്നിൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയുടെ മാല മോഷ്ടിച്ച് സംഘം കടന്നത്. മറിയപ്പള്ളി സ്വദേശിയായ ശ്രീക്കുട്ടിയുടെ മാലയാണ് ബൈക്കിലെത്തിയ സംഘം കവർന്നത്. കൊല്ലം ഭാഗത്തു നിന്നും മോഷ്ടിച്ച ബൈക്കിലാണ് സംഘം എത്തിയതെന്ന വിവരമാണ് പൊലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ബൈക്കിന് നമ്പർ പ്ലേറ്റും ഉണ്ടായിരുന്നില്ല.
കൊല്ലത്തു നിന്നും ബൈക്കിൽ എത്തിയ സംഘം, ആലപ്പുഴ ഭാഗത്തും തിരുവല്ല ഭാഗത്തും എത്തിയ ശേഷം മാല മോഷണം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പ്രദേശത്തു നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മോഷണത്തിനു പിന്നിൽ പ്രഫഷണൽ സംഘങ്ങൾ തന്നെയാണ് എന്ന സൂചനയാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ, വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണ, വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോട്ടയം നഗരമധ്യത്തിൽ പൊലീസ് സാന്നിധ്യമില്ലാത്തതാണ് മോഷണ സംഘം അതിവേഗം രക്ഷപെടുന്നതിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന സൂചന. നഗരമധ്യത്തിൽ പൊലീസ് എത്താൻ ഏറെ സമയം എടുക്കും. ഈ സമയം ബൈക്കിലെത്തിയ പ്രതികൾ മിന്നൽ വേഗത്തിൽ തന്നെ രക്ഷപെട്ടു. ഈ സാഹചര്യത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. മയക്കുമരുന്നു ലഹരി മാഫിയ സംഘത്തിൽ ഉൾപ്പെട്ടവരാണ് പ്രതികൾ എന്നും സൂചന ലഭിച്ചിട്ടുണ്ട്.