റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെത്തുടർന്ന് റേഷന്‍ കിട്ടാതെ എട്ടുദിവസം പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. ജാർഖണ്ഡിലെ സിംദേഗ ജില്ലയിലെ കരിമതി ഗ്രാമത്തിലെ കോയ്ലി ദേവിക്കാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത്. കോയ്ലി ദേവിക്ക് നാട്ടുകാരിൽ ചിലരിൽനിന്ന് നാടുകടത്തൽ ഭീഷണി നേരിട്ടതോടെയാണ് പോലീസ് സംരക്ഷണം നൽകിയത്. ഭയത്തോടെയാണ് താൻ കഴിയുന്നതെന്നും നാട്ടുകാർതന്നെ അധിക്ഷേപിക്കുകയും ഗ്രാമംവിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തതായി കോയ്ലി ദേവി പറയുന്നു. കഴിഞ്ഞ ദിവസം അക്രമികളിൽനിന്നും രക്ഷതേടി കോയ്ലി ദേവി പഞ്ചായത്തുകെട്ടിടത്തില് അഭയംതേടിയിരുന്നു. പട്ടിണിമൂലം കുട്ടി മരിച്ചെന്ന് പറഞ്ഞ് ഗ്രാമത്തെ ആക്ഷേപിക്കുകയാണെന്ന് ആരോപിച്ചാണ് നാട്ടുകാർ ഇവരെ ഭീഷണിപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കരിമതി ഗ്രാമത്തിൽ കഴിഞ്ഞ 28നാണ് സന്തോഷികുമാരി എന്ന 11 വയസുകാരി മരിച്ചത്. ദിവസങ്ങളോളം തന്റെ മകൾ പ ട്ടിണിയിലായിരുന്നുവെന്നു സന്തോഷിയുടെ അമ്മ കോയലി ദേവി പറയുന്നു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തതുമൂലം കഴിഞ്ഞ എട്ടു മാസമായി ഗ്രാമത്തിലെ റേഷൻകടയിൽനിന്ന് തങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നില്ലെന്നും കോയലി ദേവി പറഞ്ഞു. രോഗിയായ ഇവരുടെ ഭർത്താവ് കിടപ്പിലാണ്.