കോഴിക്കോടുകാരുടെ ചങ്ക് ആയിരുന്നു ‘കലക്ടര്‍ ബ്രോ’ എന്നറിയപ്പെട്ട പ്രശാന്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ നാട്ടുകാരുമായി സംവദിച്ച കലക്ടര്‍ കോഴിക്കോട്കാരുടെ മാത്രമല്ല കേരളീയരുടെ തന്നെ മനം കവര്‍ന്നു. തന്റെ അധികാര പരിധിയിലുള്ള കാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയ പ്രശാന്തിന് പകരം വരുന്ന വ്യക്തിക്ക് ഭാരിച്ച ഉത്തരവാദിത്തമാകുമായിരുന്ന ആ ജനപ്രിയത പുതിയ കലക്ടര്‍ അനായാസം നേടിയെടുത്തിരിക്കുകയാണ് പുതിയ കലക്ടറായി ചുമതലയേറ്റ ജോസ്. കലക്ടര്‍ കോഴിക്കോട് എന്ന ഫേസ്ബുക്ക് പേജിലൂടെ താനും പഴയ കലക്ടറെപ്പോലെ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന സന്ദേശം അദ്ദേഹം നല്‍കിക്കഴിഞ്ഞു. തന്നെ കലക്ടര്‍ ബ്രോ എന്ന് വിളിക്കേണ്ടെന്നും വേണമെങ്കില്‍ ജോസേട്ടാ എന്ന് വിളിച്ചുകൊള്ളാനും അറിയിച്ച് ഇട്ട പോസ്റ്റ് നാട്ടുകാരുടെ പ്രതികരണങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.
കോഴിക്കോട് കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:
ഹൊ! എന്തൊക്കെ പോസ്റ്റിംങ്ങ് ആയിരുന്നു. ആദ്യം വായിച്ചപ്പോള്‍ ശരിക്കും പേടിച്ചു പോയി. നിങ്ങളുടെ സ്വന്തം ”കലക്ടര്‍ ബ്രോ’ യെ മാറ്റി, പകരം ‘വില്ലന്‍ ” റോളില്‍ വന്നയാളെപ്പോലെയാണല്ലോ എല്ലാവരും കാണുന്നത് എന്നോര്‍ത്ത് അല്പം വിഷമം തോന്നി. എന്നാല്‍ രണ്ടാമതൊരാവര്‍ത്തികൂടി വായിച്ചപ്പോള്‍ ശരിക്കും മനസ്സിലായി, നിങ്ങളിലൊരാള്‍ ഞാനായിരുന്നെങ്കിലും ഇങ്ങനെയൊക്കെയെ പ്രതികരിക്കുമായിരുന്നുവെന്ന്. നിങ്ങള്‍ അത്രമാത്രമാണ് നിങ്ങളോടൊപ്പം എന്റെയും കൂടി പ്രിയപ്പെട്ട പ്രശാന്തിനെ സ്‌നേഹിച്ചിരുന്നതെന്ന്.
Noufal പറഞ്ഞത് പോലെ ഇവിടെയുള്ളവരുടെ മനസ്സ് പാകപ്പെടാന്‍ കുറച്ച് സമയമെടുക്കുമെന്ന്… എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Nousheer ന്റെ പോസ്റ്റാണ്. ‘ നല്ലതാണേല്‍ ചങ്ക് പറിച്ച് കട്ടക്ക്, മറിച്ചാണേല്‍ വലിച്ച് കീറി തേച്ചൊടിക്കും’ ഇതൊരു ഭയങ്കര വെല്ലുവിളി തന്നെ….. എന്തായാലും ഞാന്‍ തോല്‍ക്കാനില്ല…. അല്ലെങ്കിലും ഇത്രയും പേര്‍ കൂടെ നില്‍ക്കുമ്പോള്‍ എങ്ങിനെയാ തോല്‍ക്കാനാവുക. ഞാനീ വെല്ലുവിളി സന്തോഷത്തോടെ സ്വീകരിക്കുന്നു….
‘എന്നാ ഒന്ന് നോക്കിക്കളയാം…’
പിന്നെ ഒരു കാര്യം Sajith അടക്കം പലരും ചോദിച്ചു ‘കലക്ടര്‍ ബ്രോ’ എന്നു വിളിച്ചോട്ടേയെന്ന്… അത് വേണ്ട…. അത് ശരിയുമല്ല…. ആ പേര് പ്രശാന്തിന് മാത്രം കൊടുക്കുക…. അതിന് പകരം ആരോ പറഞ്ഞത് പോലെ ‘ജോസേട്ടാ ‘… യെന്ന് വിളിച്ചോളൂ… മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് തോന്നിയാല്‍ അതുമാകാം. എന്തായാലും bro വേണ്ട.
ഞാനെന്നും കോഴിക്കോട്ടെ സാധാരണക്കാരുടെയൊപ്പമുണ്ടാകും… നൗഷീറെ… നിങ്ങളുടെയൊക്കെ ചങ്കും കൊണ്ടേ ഞാന്‍ പോകൂ…. പിന്നെ മാറ്റിപ്പറയല്ലേ….