കോട്ടയം: യു.ഡി.എഫില്‍നിന്ന് ഇടതുമുന്നണിയിലേക്കു പോകാനുള്ള ജെ.ഡി.യുവിന്റെ നീക്കത്തിനു മന്ത്രി കെ.പി. മോഹനന്റെ നിലപാട് തിരിച്ചടിയായി. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടതുമുന്നണിയുമായി കൈകോര്‍ക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഏറെക്കാലമായി അകലം പാലിച്ചിരുന്ന പിണറായി വിജയനുമായി ജെ.ഡി.യു. നേതാവ് വീരേന്ദ്രകുമാര്‍ ഇതിന്റെ ഭാഗമായി വേദിപങ്കിടുകയും ചെയ്തിരുന്നു.
എന്നാല്‍, മന്ത്രി മോഹനന്‍ യു.ഡി.എഫ്. ബന്ധം ഉപേക്ഷിക്കുന്നതില്‍ വൈമനസ്യം പ്രകടിപ്പിക്കുന്നതാണ് ജെ.ഡി.യുവിന്റെ ഇടതു മുന്നണിയിലേക്കുളള നീക്കത്തിതിന് വിഘാതമായത്. വീരേന്ദ്ര കുമാറിന്റെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടാണ് ജെ.ഡി.യു. കോണ്‍ഗ്രസുമായി ഇടയുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് മറിച്ചതാണ് തന്റെ പരാജയത്തിന് കാരണമെന്നതായിരുന്നു വീരേന്ദ്രകുമാറിന്റെ പരാതി. ഇവരെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോഴും സംരക്ഷിക്കുകയാണെന്നും ഇതേപ്പറ്റി അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച കമ്മിറ്റിയുടെ നടപടി ശരിയല്ലെന്നുമുളള നിലപാടാണ് വിരേന്ദ്രകുമാറിനുള്ളത്.
ഈ അതൃപ്തി മുതലെടുത്ത് വീരേന്ദ്രകുമാറിനെ ഒപ്പം കൂട്ടുന്നതതിനുളള നീക്കം ഒരു വര്‍ഷം മുമ്പേ സി.പി.എം. തുടങ്ങിയിരുന്നു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളിനെ എല്‍.ഡി.എഫില്‍ എടുക്കുന്നതിന് സി.പി.എം. ദേശീയ നേതൃത്വവും അംഗീകാരം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് സി.പി.എം. നേതാക്കള്‍ ജെ.ഡി.യു. നേതാക്കളുമായി പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചത്. നിലവിലുള്ള സാഹചര്യത്തില്‍ വീരേന്ദ്രകുമാര്‍ പരാതി പറഞ്ഞ നേതാക്കള്‍ക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുക്കാനുള്ള സാധ്യത വളരെക്കുറവാണ്. ഇത് ആയുധമാക്കി യു.ഡി.എഫില്‍നിന്ന് പുറത്ത് കടക്കാനുള്ള നീക്കങ്ങളാണ് നടന്നിരുന്നത്. വീരേന്ദ്രകുമാറിന്റെ ആഗ്രഹപ്രകാരം മാത്യു ടി. തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ സെക്യുലറുമായി ലയിക്കാതെ ഒറ്റയ്ക്ക് മുന്നണിയിലെത്തുന്നതിനുള്ള അനുമതിയും സി.പി.എം. വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, തുടക്കം മുതല്‍ മന്ത്രി കെ.പി. മോഹനന്‍ യു.ഡി.എഫ്. വിടേണ്ടന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പക്ഷേ, കഴിഞ്ഞ ദിവസം മന്ത്രി മോഹനനും യു.ഡി.എഫ്. വിടുന്നതിന് ഒരുക്കമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, ഒരു കാരണവശാലും യു.ഡി.എഫ്. വിടില്ലെന്നു മന്ത്രി മോഹനന്‍ യു.ഡി.എഫ്. നേതാക്കളെ അറിയിച്ചതായാണു വിവരം.
മന്ത്രി മോഹനന്‍ യു.ഡി.എഫ്. വിടാന്‍ തയാറാകാത്തത് അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരിക്കുന്ന അഴിമതിയാരോപണങ്ങളുടെ പേരില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ പ്രതികാരബുദ്ധി തീര്‍ക്കുമെന്ന ഭയത്താലാണെന്ന വിമര്‍ശനവുമായി ഇടതുപ്രവേശനത്തെ അനുകൂലിക്കുന്നവര്‍ രംഗത്തുവന്നിട്ടുണ്ട്. എം.വി. ശ്രേയാംസ് കുമാറാണ് ജനതാദളിന്റെ മറ്റൊരു എം.എല്‍.എ. പാര്‍ട്ടിയെടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന നിലപാടാണ് ശ്രേയാംസ് കുമാറിന്. മലബാര്‍ മേഖലയില്‍ ശക്തമായി തിരിച്ചുവരാന്‍ ജനതാദളിന്റെ പിന്തുണ അനിവാര്യമാണെന്ന കണക്കുകൂട്ടലാണ് സി.പി.എമ്മിന്. അതിനാല്‍ ഏതുവിധേയനെയും ജെ.ഡി.യുവിനെ മുന്നണിയിലെത്തിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സി.പി.എം. പയറ്റുന്നത്.