പാലക്കാട്: ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ക്കെതിരായ സമരം അട്ടിമറിച്ചത് എസ് ഡി പി ഐ നേതാവോ ? ശശികല പറയുന്നത് സത്യമാണെങ്കില്‍ വളരെ മതേതര കാഴ്ചപ്പാടുള്ള ടീച്ചറാണ് അവരെന്ന് വല്ലപ്പുഴയിലെ എസ്ഡിപിഐ നേതാവ് എം സെയ്തലവിയുടെ പരാമര്‍ശം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് എസ് ഡിപിയുടെ നിലപാടുകളില്‍ സംശയം പ്രകടിപ്പിച്ച് അണികള്‍ രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവും ശശികലക്കെതിരായ വല്ലപ്പുഴയിലെ സമരത്തിന് ചുക്കാന്‍ പിടിച്ച പ്രതികരണ വേദിയുടെ കണ്‍വീനറുമാണ് സെയ്തലവി. യോഗത്തില്‍ അവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും, ശശികല പറയുന്നത് സത്യമാണെങ്കില്‍ മതേതര കാഴ്ചപ്പാടുള്ളയാളാണ് അവരെന്നും സെയ്തലവി വല്ലപ്പുഴ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇനി മേലില്‍ അങ്ങിനെ ഒരു പരാമര്‍ശം ഉണ്ടാകില്ലെന്ന് അവര്‍ പറഞ്ഞില്ലെങ്കിലും വിശദീകരണം കണക്കിലെടുത്ത് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും യോഗത്തിന് ശേഷം സെയ്തലവി വ്യക്തമാക്കി.
വല്ലപ്പുഴയേയോ സ്‌കൂളിനേയോ ഇകഴ്ത്താനല്ല മറിച്ച് ആ നാടിന്റെ മതേതരത്വം സൂചിപ്പിക്കാനാണ് പാകിസ്താന്‍ പരാമര്‍ശമുണ്ടായതൈന്നും കെപി ശശികല മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. വല്ലപ്പുഴയില്‍ മതേതരത്വം നിലനില്‍ക്കുന്നത് കൊണ്ടാണ് ഹിന്ദു ഐക്യവേദിയുടെ നേതാവായിട്ട് പോലും തനിക്ക് വളരെ സാഹോദര്യത്തോടെ ഇവിടെ ജീവിക്കാനാകുന്നത് എന്ന് അവര്‍ സര്‍വ്വകക്ഷി യോഗത്തിന് മുന്‍പാകെ വിശദീകരിച്ചെന്നും ഇത് തൃപ്തികരമായിരുന്നുവെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിനിധിയും യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. പിന്നീടാണ് ശശികലയെ വീണ്ടും സ്‌കൂളില്‍ ടീച്ചറായി തുടരാന്‍ അനുവദിച്ചത്.
ശശികലയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും സ്‌കൂളിലെ മതിലുകളില്‍ ശശികലയ്ക്ക് എതിരായി നോട്ടീസുകള്‍ പതിക്കുകയും ചെയ്തിരുന്നു. വല്ലപ്പുഴയെ പാകിസ്താനെന്ന് വിളിച്ച് ആക്ഷേപിച്ച ശശികലയെ സ്‌കൂളില്‍ ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ടായിരുന്നു. ശശികലയ്ക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച്ച നൂറില്‍ താഴെ കുട്ടികള്‍ മാത്രമാണ് സ്‌കൂളിലെത്തിയത്. തുടര്‍ന്ന് അധ്യാപകര്‍ സ്‌കൂളിന് അവധി നല്‍കുകയായിരുന്നു.
വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ ക്രിമിനല്‍ കുറ്റമടക്കം ചാര്‍ജ് ചെയ്യപ്പെട്ട ശശികല ടീച്ചര്‍ സ്‌കൂളില്‍ തുടരുന്നത് നാടിനും സ്‌കൂളിനും അപമാനമാണെന്ന് ജനകീയ പ്രതികരണ വേദിയും ആരോപിച്ചിരുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്നത് സ്‌കൂളുകളില്‍ ആണെന്നിരിക്കെ ഇത്തരം ശശികലമാരുടെ അധ്യാപനം ഒരു നിലയ്ക്കും അനുവദിക്കാനാവില്ല, ആര്‍എസ്എസിന് വല്ലാപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും കൊലവിളി നടത്താനും പ്രചോദനം ശശികലയാണെന്നും ജനകീയ പ്രതികരണ വേദി ആരോപിക്കുന്നു.
ശശികലയുടെ മതവിദ്വേഷം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങളുടെ പേരില്‍ ഇവര്‍ക്കെതിരെ കേരള പോലീസ് 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. സര്‍വകക്ഷി യോഗത്തില്‍ പ്രശ്നം ഏറെക്കുറെ രമ്യമായി പരിഹരിച്ചെങ്കിലും ശശികല ഇനി പരസ്യമായി വിദ്വേഷ പ്രചരണം നടത്തിയാല്‍ കൂടുതല്‍ ശക്തമായി പ്രതിഷേധിക്കുമെന്നാണ് യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.