തിരുവനന്തപുരം: ശാരീരിക ബന്ധത്തിനു വഴങ്ങാത്തതിനാല്‍ അടൂര്‍ ഭാസി തന്നെ നിരന്തരം വേട്ടയാടിയിരുന്നെന്ന് കെപിഎസി ലളിത. കൈരളി ചാനലിലെ ജെ ബി ജെങ്ഷനിലാണ് ലളിത ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിലീപിനു കാവ്യയോട് ഇഷ്ടമാണെന്നു നേരത്തെ അറിയാമായിരുന്നുവെന്നു നടി കെപിഎസി ലളിത പറഞ്ഞു.സിനിമയില്‍ താനുമായി വ്യക്തിബന്ധം പുലര്‍ത്തിയവരെ കുറിച്ചും ജീവിത പങ്കാളിയായ ഭരതനെ കുറിച്ചും ഓര്‍മ്മകള്‍ കെപിഎസി ലളിത പങ്കുവച്ചു. പാവം,പൊട്ടിപ്പെണ്ണാണ് കാവ്യ എന്ന് ദിലീപ് പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ട്. വിവാഹത്തിനും തന്നെ ക്ഷണിച്ചു. ദിലീപുമായും കുടുംബവുമായും താന്‍ എപ്പോഴും നല്ല ബന്ധത്തിലായിരുന്നു. സ്റ്റേജ് ഷോ മാത്രം നടത്തി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ദിലീപും നാദിര്‍ഷായും മദ്രാസിലെ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാറുള്ള കാലം കെപിഎസി ലളിത ഓര്‍ത്തെടുക്കുന്നു.
‘പരസ്പരം കണ്ടാല്‍ ഹാപ്പി ബര്‍ത്തഡെ എന്നാണ് ഞങ്ങള്‍ വിഷ് ചെയ്യാറ്. ഇത് കേട്ട ശ്വേതാ മേനോന്‍ സര്‍പ്രൈസ് ബര്‍ത്ത്ഡെ പാര്‍ട്ടി നടത്താന്‍ കേക്കുമായി വന്നു. ‘മകള്‍ ശ്രീക്കുട്ടിയുടെ വിവാഹത്തിന് ദിലീപ് പൊന്ന് കോടുത്തയച്ചെന്നും കെപിഎസി ലളിത പറഞ്ഞു. ദേ പൂട്ടിന്റെ അംബാസിഡറാണ് ലളിത ചേച്ചിയെന്നും അതു കൊണ്ട് മറ്റൊരു കടയുടേയും ആളാവരുതെന്നും ചോദ്യവുമായെത്തിയ ദിലീപ് ഷോയില്‍ അഭ്യര്‍ത്ഥിച്ചു. ജിവിക്കാന്‍ പണം വേണമെന്നും അതുറപ്പു നല്‍കാനാവില്ലെന്നുമായിരുന്നു കെപിഎസി ലളിതയുടെ മറുപടി. ഇച്ചിരി കുരുത്തക്കേട് കൈയില്‍ ഉള്ളവനാണ് ദിലീപെന്നും കെപിഎസി ലളിത കൂട്ടി ചേര്‍ത്തു.
തോപ്പില്‍ ഭാസിയുമായുള്ള ബന്ധത്തെ കുറിച്ച് കെപിഎസി ലളിത വാചാലയായി. തന്റെ ജീവിതത്തെ ഇങ്ങിനെ സ്വാധീനിച്ച മറ്റൊരാളില്ല. ‘ഭാസി ചേട്ടനെ കാമുകനെന്നോ രക്ഷകര്‍ത്താവെന്നോ സുഹൃത്തെന്നോ അമ്മാവനെന്നോ എന്തു വേണേലും വിളിക്കാം. ജീവിതത്തില്‍ കടപ്പാടുള്ള ഏകമനുഷ്യന്‍ ഭാസി ചേട്ടനാണ്. ഭാസി ചേട്ടന്റെ സിനിമയിലൂടെയാണ് വന്നത്. പിന്നീടങ്ങോട്ട് എല്ലാ സിനിമയിലും വേഷങ്ങള്‍ തന്നു. നായികക്ക് പാട്ടില്ലെങ്കിലും എനിക്ക് പാട്ടു തന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തോപ്പില്‍ ഭാസിയെ വഴിയില്‍ വച്ച് കണ്ട കാര്യവും കെപിഎസി ലളിത ഓര്‍ക്കുന്നു. കാറില്‍ പോകുമ്പോള്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്നു തോപ്പില്‍ ഭാസി. കാറ് തിരിച്ച് വന്ന് അദ്ദേഹത്തെ കണ്ടു.
അന്ന് അദ്ദേഹം അടുത്തുള്ള ഹോട്ടലില്‍ നിന്ന് കുറേ പലഹാരങ്ങള്‍ വാങ്ങി തന്നത് നനവാര്‍ന്ന ഓര്‍മ്മയാണെന്ന് കെപിഎസി ലളിത പറയുന്നു.ഭരതനുമായുള്ള വിവാഹജീവിതത്തെ കുറിച്ച് കെപിഎസി ലളിത വാചാലയാകുന്നു.ഇത്രയും പ്രതിഭാധനനായ വ്യക്തിയെ കണ്ടിട്ടില്ല. അരാജക ജീവിതവും മദ്യപാനവും ആ പ്രതിഭയെ തകര്‍ത്തു. ഭരതനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയ ബന്ധത്തില്‍ താനായിരുന്നു ഹംസം. പിന്നീടവര്‍ പിരിഞ്ഞു. അപ്പോഴാണ് ഭരതന്‍ തന്നോട് വിവാഹം കഴിക്കാന്‍ സമ്മതമാണോയെന്ന് ചോദിക്കുന്നത്. ‘ഞാനൊന്നേ പറഞ്ഞുള്ളു.വഴിയില്‍ വച്ച് ഉപേക്ഷിക്കാനാണെങ്കില്‍ ഞാനില്ല. ഉപേക്ഷിക്കില്ലെന്ന് ഭരതന്‍ ഉറപ്പും പറഞ്ഞു. എന്നാല്‍ വിവാഹത്തിയതി അടുത്തപ്പോള്‍ ഭരതന് ചാഞ്ചാട്ടമുണ്ടായി. വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു വന്നു.
ഞാനന്നു ഷൂട്ടിനു പോകാനൊരുങ്ങുകയായിരുന്നു. പോകുന്ന വഴിക്ക് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് മുഖത്തു നോക്കി പറഞ്ഞു. ഭരതന് പേടിയായി. ഒരാളെ കൂട്ടിയാണ് ഷൂട്ടിന് വിട്ടത്. ‘കാറ്റത്തെ കിളിക്കൂട് എന്ന സിനിമയുടെ സമയത്ത് ഭരതനും ശ്രീവിദ്യയും വീണ്ടും അടുത്തുവെന്ന് കെപിഎസി ലളിത പറയുന്നു. മറ്റാളുകള്‍ പറഞ്ഞറിയരുത്, തന്നോട് സത്യം പറയണം എന്നു മാത്രമായിരുന്നു താന്‍ വച്ച വ്യവസ്ഥ. എല്ലാം നിര്‍ത്തിയെന്ന് ഭരതന്‍ പറഞ്ഞതായും ലളിത ഓര്‍ക്കുന്നു. ജീവിത ദുരന്തങ്ങളോര്‍ത്ത് കെപിഎസി ലളിത ഒരു വേള പൊട്ടിക്കരഞ്ഞു.
മുകേഷിന്റെ കുട്ടിക്കാലത്തെ ചില ഓര്‍മ്മകളും കെപിഎസി ലളിത പങ്കു വച്ചു.മണ്ണില്‍ കളിക്കവെ മൂക്കളയില്‍ പറ്റുന്ന മണ്ണ് തിന്നുകയായിരുന്നു കൊച്ചു മുകേഷിന്റെ പണിയെന്നും കെപിഎസി ലളിത ചിരിയോടെ പറഞ്ഞു.
ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേട്ടയാടിയിട്ടുള്ളത് അടൂര്‍ഭാസിയാണെന്ന് കെപിഎസി ലളിത വെളിപ്പെടുത്തി. വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താനായിരുന്നു ശ്രമം. താനതിന് വഴങ്ങിക്കൊടുത്തില്ലെന്നും ഇതുമൂലം നിരവധി സിനിമകളില്‍ നിന്ന് തന്നെ ഭാസി ഇടപെട്ട് ഒഴിവാക്കിയെന്നും ലളിത ചൂണ്ടിക്കാട്ടി. മദ്രാസില്‍ ജോലിക്കാരിക്കൊപ്പം താമസിക്കവെ അടൂര്‍ ഭാസി മദ്യപിച്ച് വന്ന് ബഹളം കൂട്ടിയ കാര്യവും കെപിഎസി ലളിത പങ്കു വച്ചു. നഗ്നനായി രാത്രി മുഴുവന്‍ പ്രശ്നങ്ങളുണ്ടാക്കി. ഒടുവില്‍ പിറ്റേദിവസം രാവിലെ ബഹദൂറെത്തിയാണ് കൂട്ടിക്കൊണ്ടു പോയത്.
ബഹദൂറുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും കെപിഎസി ലളിത പറഞ്ഞു. ഒരു രക്ഷിതാവിന്റെ മനോഭാവമാണ് ബഹദൂറിനുണ്ടായിരുന്നത്. നാടകത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ബഹദൂറിനെ പറ്റിച്ച കാര്യവും ലളിത ഓര്‍ത്തെടുത്തു.കൊടുങ്ങല്ലൂര്‍ വരെ ചെന്ന് മുങ്ങി.ഇതിന്റെ ദേഷ്യം ഒരിക്കല്‍ അഭിനയിക്കവെ ബഹദൂര്‍ തീര്‍ത്തു.ഷൂട്ടിങ്ങിനിടെ നല്ലൊരു അടി തന്നു.കൈയില്‍ കിട്ടിയ പാത്രം കൊണ്ട് ഒരു ഏറ് ഞാനും വച്ചു കൊടുത്തു.